ഇനിയെപ്പോൾ?
എങ്ങും ശബ്ദമുഖരിതമാണ്… എങ്ങോട്ടെന്നില്ലാതെ മുരണ്ടോടുന്ന വാഹനങ്ങൾ… തെരുവ് കച്ചവടക്കാരുടെ ആർപ്പ് വിളികൾ… പലയിടങ്ങളിലേക്കായി കിതച്ചു കൊണ്ട് പായുന്ന പല പല മുഖങ്ങൾ….
അല്ലെങ്കിലും എനിക്കെന്നും ആശങ്കയാണ് ആ തെരുവ് ജീവനുകളെക്കുറിച്ച്…
ഒരു വയറിനു വേണ്ടി കൈ നീട്ടുന്നവർ…
രാത്രിയുടെ യാമങ്ങളിൽ എല്ലാവരും കൂടണയുമ്പോൾ ബസ്റ്റാൻഡും പീടികത്തിണ്ണയും കൊണ്ട് ആശ്വാസം കണ്ടെത്തുന്നവർ… അല്ലെങ്കിലും ഈ ചില്ലറത്തുട്ടുകൾക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുമോ?
തെരുവിന്റെ മക്കളെന്നു സമൂഹം പേരിട്ടു വിളിച്ച അവരെ ഞാൻ അത്ഭുതത്തോടെ കണ്ടുനിന്നു.
പകൽ മറയുകയാണ്.. ചേക്കേറാനൊരിടം നോക്കി പായുന്നവരുടെ കൂടെ ഞാനും….
രാത്രിയും പകലും മത്സരിച്ച് വന്നും പോയ്കൊണ്ടുമിരുന്നു…
ഇന്ന്… ഞാൻ തുരുമ്പിച്ച ജനൽകമ്പികൾ പിടിച്ചു പുറത്തേക്ക് നോക്കി. ഒട്ടേറെ കാത്തിരുന്നിട്ടും വിജനമായ നിരത്ത് മാത്രമാണെനിക്ക് കാണാൻ കഴിഞ്ഞത്.. ലോകത്തെ വിറപ്പിച്ച ആ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് നാം. പുറത്തിറങ്ങരുതെന്നും അകലം പാലിക്കണമെന്നും അധികാരികൾ ആവർത്തിച്ചുപറയുമ്പോൾ സ്വന്തം ജീവന് വേണ്ടി പോരാടുന്നവരിലൊരാളായി ഞാനും വീട്ടിൽ തന്നെയിരുന്നു.
ചിന്തകൾ ആശങ്കകളായി മാറുകയാണ്. ആ തെരുവിനെ, തെരുവിന്റെ മക്കളെയൊന്നു കാണാൻ മനസ്സ് വെമ്പൽ കൊണ്ടു.
വിജനമായ നിരത്തുകളും താഴിട്ട കടമുറികളുമാണ് എന്നെ സ്വാഗതം ചെയ്തത്. ആളനക്കമില്ലാത്ത തെരുവുകൾ കണ്ട് ഞാൻ അന്ധാളിച്ചു.
“ഇവിടെയന്തിയുറങ്ങിയവരെവിടെ? തെരുവല്ലാതെ അവർക്ക് വേറെന്താണൊരു വീട്? ആരുടെ സുരക്ഷിതത്വത്തിലാണവർ?”
ചോദ്യ ചിഹ്നങ്ങൾ പലതും ഉയർന്നു.
എന്തോ, കടത്തിണ്ണകൾ അവകാശികളെ പരതും പോലെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവർ ഏതോ കാല്പെരുമാറ്റത്തിനായ് കാത്തു കിടക്കും പോലെ… പലപ്പോഴായി റോന്തു ചുറ്റുന്ന പോലീസ് ജീപ്പുകളാവാം ആ നിരത്തുകളുടെ ഏകാശ്വാസം.
ആളൊഴിഞ്ഞ ആ നിരത്തുകൾ നീണ്ടു കിടക്കുകയാണ്. കാത്തു കിടക്കുകയാണവർ വസന്തത്തിന് വേണ്ടി.
കാല്പെരുമാറ്റങ്ങൾക്കുവേണ്ടി. എനിക്കും അവർക്കും മുന്നിൽ ഒരൊറ്റ ചോദ്യമേ ഉള്ളു.. “ഇനിയെപ്പോൾ?”