ലോക്ക് ഡൗണിൽ തുറന്ന് “വാത്സല്യകട”


ലോക് ഡൗണിൽ കാരുണ്യത്തിന്റെ ലോക്ക് തുറന്ന് സീതി സാഹിബിന്റെ “വാത്സല്യകട”

ക്ലാസ്സ് മുറികളിൽ കണക്ക് മാഷ് കാതിൽ ചൊല്ലിതന്ന സംഖ്യകളിൽ പൂജ്യം എപ്പോഴും പുറകിൽ തന്നെയാണ്. എന്നാൽ ഇനി തളിപ്പറമ്പിലെ കേളി കേട്ട സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിന് പറയാനുള്ളത് വെറും പൂജ്യത്താൽ തീർത്ത കാരുണ്യത്തിന്റെ കഥ. ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്കു വേണ്ടി സ്കൂളിൽ തുറന്ന സൂപ്പർ മാർക്കറ്റിലെ വിലവിവരപ്പട്ടികയിലാണ് മറ്റു വിലയുള്ള അക്കങ്ങളെ ഒക്കെ പുറത്താക്കി പൂജ്യം മാത്രം സ്ഥാനം പിടിച്ചിരിക്കുന്നത്.

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചുലക്കിയപ്പോൾ, ദുരിതത്തിന്റെ ആഴകടലിൽ അകപ്പെട്ട ഒരുപറ്റം ആൾക്കാർ…. രണ്ട് മാസത്തിലധികമായി ലോക്ക് ഡൗൺ കാരണം തൊഴിലും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട അനേകം കുടുംബങ്ങൾ. അതിൽ പെട്ടുപോയ സീതി സാഹിബിന്റെ പ്രിയ വിദ്യാർത്ഥി കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും നൽകാൻ സീതി സാഹിബ് നന്മയുടെ കവാടം തുറന്നു.

മനുഷ്യരുടെ ക്രയ വിക്രയ ശേഷി പാടെ തകർന്ന് കൊണ്ടിരിക്കുന്ന ഈ ലോക് ഡൗൺ നാളുകളിൽ മനുഷ്യ ഹൃദയത്തിന്റെ മൂല്യം അളക്കുന്ന ത്രാസ്സിൽ വെച്ച് അളന്നു നോക്കിയാൽ പോലും ലഭിക്കാത്ത കണക്കാണ് സീതി സാഹിബിന്റെ ഈ കാരുണ്യ പ്രവർത്തനതിന്റെ ഫലമായി ഉണ്ടായത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ, വളരെയധികം സജ്ജീകരണങ്ങൾ നടത്തിക്കൊണ്ട് ആരംഭിച്ച ഈ മഹത്തായ പ്രവർത്തനം ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിക്കുമെന്ന് തീർച്ചയാണ്.

സ്കൂൾ മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ്, തണൽ എന്നിവർ കൈകോർത്ത് സൗജന്യമായി പ്രവർത്തിക്കുന്ന ഈ വാത്സല്യത്തിന്റെ നിലവറയക്ക് നൽകിയ പേര് “വാത്സല്യകട”.

15/05/ 2020, 10 : 30 ന് ഏവർക്കും സുപരിചിതനായ നിയമസഭാംഗം കെ.എം ഷാജി ഈ കാരുണ്യ പ്രവർത്തനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. സ്കൂൾ മനേജരും, തളിപ്പറമ്പ നഗര സഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി കെ സുബൈർ അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൾ എം കാസിം, ഹെഡ് മാസ്റ്റർ പി വി ഫസലുള്ള, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, കൺവീനർ കെ മുഹമ്മദ് ബഷീർ, നഗരസഭാ കൗൺസിലർ പി സി നസീർ, പി ടി എ .പ്രസിഡന്റ് വി . താജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ടി അബ്ദുല്ല, തണൽ കൺവീനർ ഒ പി അബ്ദുൽ മജീദ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ച്‌ ഈ വിപുലമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

വിദ്യാർത്ഥികൾ തങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തങ്ങളെ ഫോൺ വഴി ബന്ധപ്പെടുന്ന ക്ലാസ്സ് അധ്യാപകർക്ക് നൽകുന്നു. ലഭിക്കുന്ന ലിസ്റ്റ് ക്ലാസ്സ് അധ്യാപകർ വത്സല്യകടയിലേക്ക്‌ കൈമാറുകയും, പിന്നീട് തയ്യാറാക്കി വെക്കുന്ന പാക്കുകൾ മുഴുവൻ ഓരോ വിദ്യാർഥികളുടെയും വീട്ടുപടിക്കൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

“ചുരുങ്ങിയ സമയം കൊണ്ട് ഒരു ക്ലാസ്സിലെ 65 കുട്ടികളുടെ വീട്ടിൽ വിളിച്ച് അവരുടെ ആവശ്യങ്ങൾ അറിയുക എന്നത് വളരെ ശ്രമകരമായിരുന്നു. പക്ഷേ ഒരു മഹാ പ്രവൃത്തിയുടെ ഭാഗമാവുകയാണ് എന്ന ചിന്ത വളരെയധികം സന്തോഷം നൽകി.” ഒരു അദ്ധ്യാപകൻ പറഞ്ഞു.

15 ലക്ഷത്തിലധികം ചെലവ് വരുന്ന ഈ ബൃഹത് സംരംഭത്തിലൂടെ രണ്ടായിരത്തോളം കിറ്റുകളാണ് ഏതാനും ദിവസങ്ങൾ കൊണ്ട് അധ്യാപകരും അനധ്യാപകരും തണലിന്റെ പ്രവർത്തകരും മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും പ്രതിനിധികളും ചേർന്നാണ് ‘വാത്സല്യകടയിൽ’ തയാറാക്കിയത്. സീതി കുടുംബത്തിൽ നടക്കുന്ന മറ്റൊരു ആഘോഷമാണിത്.

ഈ കഠിന പരിശ്രമം വിജയം കാണുമ്പോൾ ഏവരും കടപ്പെട്ടിരിക്കുന്നത് ഈ സൽപ്രവർത്തിക്ക്‌ പിന്നിൽ വലിയ പങ്കുവഹിച്ച സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ മാനേജർ പി. കെ സുബൈർ സാഹിബിനോടാണ്. ജീവിതത്തിൽ നന്മയുടെ പല കുപ്പായങ്ങൾ അണിയുന്ന അദ്ദേഹത്തിന്റെ മേന്മ സീതി സാഹിബിന് സ്വന്തം . കൊടുങ്കാറ്റിന്റെ രൂപത്തിൽ എത്തിയ മഹാമാരിക്കിടയിലും ഇത്തരമൊരു കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രിയ നേതാവിനൊപ്പം അധ്യാപകരും രക്ഷിതാക്കളും തണലും ഒന്നിച്ചതോടെ സീതി സാഹിബിന് ഇതൊരു അഭിമാനാർഹമായ നേട്ടമായി. ഈ സുദിനം പങ്കുവെക്കാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് വിദ്യാലയത്തിന്റെ ഇത്തരമൊരു പ്രവർത്തനം വേറിട്ട കാഴ്ച്ചകൂടിയായി …

കണക്കിലെ പൂജ്യം കൊണ്ടും സാമൂഹ്യ ശാസ്ത്രത്തിലെ സാമൂഹ്യ സേവനം കൊണ്ടും ജീവചരിത്രതിലെ ഹൃദയം കൊണ്ടും കെമിസ്ട്രി യിലെ ബോണ്ട് കൊണ്ടും ഫിസിക്സിൽ നിന്നുള്ള ബലം കൊണ്ടും രൂപീകൃതമായ സ്നേഹത്താൽ തീർത്ത ഒരു പുതു പുസ്തകം തുറക്കുകയാണ് സീതി സാഹിബ് എന്ന വിദ്യാലയം. പഠിപ്പിച്ചുതന്ന സ്നേഹത്തിന്റെ കഥകൾ കേട്ടുണ്ടാകുന്ന അത്ഭുതം കൺമുന്നിൽ തുറന്നുകാട്ടി എന്നും മാതൃക വിദ്യാലയം എന്ന പേര് നിലനിർത്തുന്ന സീതിക്ക് ലഭിക്കുന്നത് പതിനായിരങ്ങളുടെ അഭിനന്ദനങ്ങൾ.

“ഈ ലോക്ഡൗണ്‍ സാഹചര്യത്തില്‍ കിറ്റ് കിട്ടിയത് വലിയ ആശ്വാസമായി. അതും വീട്ടിലേക്കെത്തിച്ച് തന്നത് വളരെ സന്തോഷകരമായി. ഇത്രയും വീട്ടിലേക്കുള്ള സാധനങ്ങള്‍ സംഘടിപ്പിക്കാനും അത് തരം തിരിച്ച് കിറ്റായി വേര്‍തിരിച്ച് കെട്ടി വെക്കാനും ഓരോരുത്തരുടെയും വീട്ടിലേക്കെത്തിച്ച് കൊടുക്കാനും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര അദ്ധ്വാനിച്ചിട്ടുണ്ടാവുമെന്ന് ആലോചിച്ച് പോവുകയാണ്. സ്വന്തം സ്കൂളില്‍ നിന്ന് കിട്ടുന്നതെന്തും , അത് എത്ര നിസാരമായാലും നമുക്കത് വളരെ വിലപിടിപ്പുള്ളതാണ്. ഈ കിറ്റ് വളരെ നല്ല സമ്മാനവും ആശ്വാസവുമായി മാറി. വലിയ നന്ദി അറിയിക്കുന്നു. അല്ലാഹു എല്ലാവര്‍ക്കും ബര്‍കത്ത് നല്‍കട്ടെ. ആമീന്‍”. ഇത് ഒരു രക്ഷിതാവിന്റെ വാട്സാപ്പ്‌ സന്ദേശമാണ്. ഇത് പോലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് ‘വാത്സല്ല്യകട’

 

”പഠനനിലവാരത്തിലായാലും പാഠ്യേതര പ്രവര്‍ത്തന മികവിലായാലും പ്രത്യേകം ഇടം അടയാളപ്പെടുത്തിയ സ്കൂളാണ് സീതിസാഹിബ് സ്കൂള്‍. ക്രിയാത്മകമായ മാനേജ്മെന്‍റിന്‍റെയും ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെയും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സീതി സാഹിബ് സ്കൂള്‍ മറ്റു സ്കൂളുകളില്‍ നിന്ന് വ്യതിരിക്തമായ ഖ്യാതി ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ സ്കൂള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയും മറ്റു സ്കൂളുകള്‍ക്ക് മാതൃകാപരമായും പുതിയൊരു സേവനം കാഴ്ചവെച്ച് ജനമനസ്സുകളില്‍ സഥാനം പിടിച്ചിരിക്കുകയാണ് . വിദ്യാര്‍ത്ഥികളെ എക്കാലവും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള സ്കൂള്‍ ഈ ലോക്ഡൗണ്‍ കാലത്തും വിദ്യാര്‍ത്ഥികളുടെ വീടുകളിലെ ക്ഷേമം അന്വേഷിക്കുകയും അയ്യായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെയും വീടുകളിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ സ്വാന്തന കിറ്റ് എത്തിച്ച് കൊടുത്തിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാലയങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുമ്പോഴാണ് ഇങ്ങനെയൊരു സേവനം ചെയ്ത് സീതിസാഹിബ് സ്കൂള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം എല്ലാ മേഖലയിലും പിടി മുറുക്കി ശ്വാസം മുട്ടിക്കുന്ന ഇക്കാലത്ത് ഇരുപത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇത്തരമൊരു സേവനം കാഴ്ചവെച്ചത് ഏറെ ശ്ലാഘനീയമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ സംരംഭത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാനേജ്മെന്‍റ് പ്രതിനിധികള്‍ക്കും പ്രിയപ്പെട്ട അധ്യാപകര്‍ക്കും മറ്റു സഹായിച്ചവര്‍ക്കും ഹൃദ്യമായ നന്ദി അറിയിക്കുകയാണ്. സര്‍വശക്തന്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം തന്ന് ഇരു ലോകത്തും സന്തോഷിപ്പിക്കുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ദുആ അര്‍പ്പിക്കുകയാണ്.” കിറ്റ് ലഭിച്ച ഒരു വിദ്യാർത്ഥി അധ്യാപകന് അയച്ച വാട്സാപ്പ് സന്ദേശമാണിത്.

നീണ്ടു കൊണ്ടിരിക്കുന്ന ലോക് ഡൗൺ, ചങ്ക് പിടയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ, കാരുണ്യത്തിന്റെ സ്പർശനമേകി സീതി സാഹിബ് . തളിപ്പറമ്പിന്റെ അഭിമാനം.

10

abshira

Abshira

Leave a Reply

Your email address will not be published. Required fields are marked *

2 × 1 =