ഓർമകളുടെ താളുകളിൽ ഒരു യാത്രാ ചിത്രം
സ്കൂൾ ജീവിതത്തെ സ്മരണീയമാക്കുന്നത് അതിന്റെ ആരവങ്ങളാണ്. ഉറങ്ങി കിടക്കുന്ന ഇടനാഴികളെയും ക്ലാസ് മുറികളെയും ഉണർത്തിക്കൊണ്ട് ഉയരുന്ന ഇടമുറിയാത്ത അലകൾ. ആത്മാവിന്റെ ദാഹം അകറ്റാൻ അറിവിന്റെ ചില്ലകളിൽ ചേക്കേറിയ വേഴാമ്പൽ വിദ്യാർത്ഥികളുടെ കലപിലകൾ. എന്റെ കൂട്ടുകാർ, എന്റെ വിദ്യാലയം, എന്റെ സീതി സാഹിബ് …
“സഹാരോം കി സിന്ദഗി ജോ കഭി ഖതം നഹി ഹൊത്തെ …”
ഒരിക്കലും അവസാനിക്കാത്ത ജീവിത യാത്രകൾ. ജീവിതമെന്ന അനന്ത യാത്രയ്ക്ക് നൗക പണിയുകയായിരുന്നു ഒരു പതിറ്റാണ്ടോളം. ചില്ലുകൂട്ടിൽ അടച്ച് സൂക്ഷിച്ചിട്ടും സമയത്തിന്റെ മണൽ തരികൾ എത്ര പെട്ടെന്നാണ് ഒഴുകിത്തീർന്നത്?. പടിയിറങ്ങാൻ അൽപ്പ നാളുകൾ മാത്രം ബാക്കിനിൽക്കുന്ന ഈ സ്വപ്ന ലോകത്തിന്റെ ഓർമത്താളിൽ ഒട്ടിച്ചുവെക്കാൻ, ഒരുപിടി നിമിഷങ്ങൾ തിരികെ കൊണ്ടുവരാൻ ഒരുല്ലാസ യാത്ര പോവുകയാണ്. കൊടൈക്കനാൽ… കോട മഞ്ഞിൽ പച്ച കരിമ്പടം പുതച്ചുനിൽകുന്ന സുന്ദരി, ഞങ്ങൾ ഇതാ വരുന്നു…
സമയത്തിന് പുറപ്പെടുകയെന്നത് ‘സുന്ദരമായ നടക്കാത്ത സ്വപ്നമാണ് ‘ അല്ലെ? കാലാകാലങ്ങളായി കാത്തുസൂക്ഷിച്ച ആ ആചാരം ഞങ്ങളും തെറ്റിച്ചില്ല. ബസ് കൃത്യം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. കാത്തിരിപ്പിന്റെ മുഷിപ്പ് യാത്രയുടെ ആവേശത്തിൽ ചിതറി പോയി. സുഹൃത്തുക്കളെ പോലെ ഞങ്ങൾ സ്നേഹിക്കുന്ന അധ്യാപകരോടൊപ്പം ഞങ്ങൾ നൃത്തച്ചുവട് വെച്ചു, സ്റ്റീരിയോവിൽ നിന്നുമണമുറിയാതെ ഒഴുകിയ പാട്ടുകൾ ഞങ്ങൾ ഏവരും ഏറ്റു പാടി. ഇരുളിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ ബസ് മൈലുകൾക്കപ്പുറത്തേക്ക് അലങ്കാരദീപങ്ങൾ പിടിപ്പിച്ച ഒരു പോസ്റ്റ് മോഡേൺ ഹാർമോണിയം പോലെ ഉരുണ്ടുനീങ്ങി. ആരവങ്ങളോടെ… സ്കൂൾ ജീവിതത്തിന്റെ ഓർമ്മകൾ അതിലാണ്.
രാവേറെച്ചെന്ന് എപ്പോഴോ ഉറങ്ങിയ ഞങ്ങൾ ഉണരുന്നത് കൊടേക്കനാലിന്റെ കുളിരണിഞ്ഞ പ്രഭാതത്തിലേക്കാണ്. കോട മഞ്ഞിന്റെ നാടായതിനാലാണോ ഈ പേര് ? അപ്പോൾ കനാലോ? അതിനുത്തരം തേടി ഞാൻ പോയില്ല. എന്നും കൗതുകം ഉണർത്തുന്ന ചോദ്യമായി അതങ്ങനെ കിടക്കട്ടേ. എല്ലാം അറിഞ്ഞാൽ ഞാനൊരു കിഴവനായി പോയാലോ ?!
എല്ലാരും കരുതി വെച്ചിരുന്ന ഉഷ്ണവസ്ത്രങ്ങൾ അണിഞ്ഞു. സിനിമകളിൽ കണ്ട നായിക നായകന്മാരുടെ പ്രതിരൂപങ്ങളാവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. ഫലിതങ്ങൾ പറഞ്ഞും ഭക്ഷണം പങ്കുവെച്ചും ഞങ്ങൾ മൂടൽ മഞ്ഞിലൂടെ നടന്നു.
പുക പോലെയുള്ള കനത്ത മഞ്ഞിൻ മറവിൽ കൂറ്റൻ പൈൻ മരങ്ങൾ നിശബ്ദമായി നില്പുണ്ടായിരുന്നു. കൊടൈ എന്ന സുന്ദരിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ മഞ്ഞിന്റെ മുഖപടം തടസമായി. മനുഷ്യരെ കണ്ട് പഴകിയ കുരങ്ങന്മാർ അവരുടെ മനഃശാസ്ത്രം പഠിച്ചിട്ടുണ്ടെന്ന് തോന്നി. ഭക്ഷണ പൊതികൾ കയ്യിലുള്ളവരെ അവ ചീറി ഭയപ്പെടുത്തി. അവർ ഉപേക്ഷിച്ചോടുന്ന പൊതികൾ കുരങ്ങന്മാർ എടുത്തുകൊണ്ട് പോകുന്നുണ്ടായിരുന്നു. ഒരു വികൃതി കുരങ്ങൻ ഞങ്ങളിൽ ഒരുവന്റെ കറുത്ത കണ്ണട കവർന്നുകൊണ്ട് കടന്നു കളഞ്ഞത് കൂട്ടച്ചിരിക്കിടയാക്കി. ‘തിന്നാൻ കൊള്ളാത്ത ഇതൊക്കെ ഇവന്മാർ എന്തിനാ ഇങ്ങനെ വാങ്ങിച്ചു കൂട്ടുന്നത് ‘ എന്ന പറയുംപോലെ ആ കണ്ണട കടിച്ചുനോക്കീട്ട് അവനത് താഴേക്ക് വലിച്ചെറിഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ എല്ലാമലമുകളിലും, പണ്ട് ആത്മഹത്യ ചെയ്ത ഒരു മദാമ്മയുടെ കഥ ഉണ്ടാവും. മദാമ്മ ചാടി മരിച്ച ഒരു പാറക്കെട്ടും. അതിന്റെ പേര് ‘സൂയിസൈഡ് പോയിന്റ് ‘ എന്നുമായിരിക്കും. കൊടേക്കനാലിനും അങ്ങനെയൊരു ‘മദാമ്മ പോയിന്റ് ‘ ഉണ്ട്. ഇംഗ്ലീഷ് ലോപിച്ച് അതിനെ ‘ശുശാടെ പാറ ‘അഥവാ സൂസി എന്ന മദാമ്മയുടെ പാറ എന്നൊക്കെ മലയാളി അതിനെ നിർവ്വചിച്ചിട്ടുണ്ട്. എന്തായാലും ഇത്തരം കഥകൾ ഈ പ്രദേശത്തിന്റെ ദുരൂഹ സൗന്ദര്യം വർധിപ്പിക്കുന്നു. മടങ്ങി ചെല്ലുന്നവർക്ക് പറഞ്ഞുകേൾപ്പിക്കാൻ പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾ കിട്ടുന്നു. കുന്നിറങ്ങുമ്പോൾ ഒരു വലിയ മരയണ്ണാനെയും കാണാൻ കഴിഞ്ഞു.
ആമ്പലിന്റെ ഇലകൾ പച്ച പപ്പടം പോലെ വിതറിയിട്ട കൊടൈ തടാകം മനുഷ്യ നിർമ്മിതമാണ്. അതിൽ പല വർണങ്ങളുള്ള സോപ്പ് പെട്ടികൾ പോലെ തുഴഞ്ഞു നീങ്ങുന്ന ബോട്ടുകൾ. പാമ്പുകളാണെന്ന് തോന്നിപ്പിക്കുന്ന വിധം നീണ്ട കഴുത്തുള്ള ചില പക്ഷികൾ മീനുകൾക്കായി മുങ്ങാൻകുഴികളിട്ടു. മറ്റുള്ളവ ഓരത്ത് വീണ മരത്തിന്റെ ഉണങ്ങിയ ചില്ലകളിൽ കയറിയിരുന്നു ‘എനിക്കൊന്നും കുട്ടീല’ എന്ന മട്ടിൽ ചിറകുകൾ വിടർത്തി വെയിൽ കായുന്നുണ്ടായിരുന്നു.
വാടകയ്ക്ക് എടുത്ത സൈക്കിളുകളിൽ ഞങ്ങൾ തടാകത്തിനുചുറ്റും വട്ടമിട്ട് പറന്നു. കൊടൈക്കനാലിന്റെ പൈന്മരങ്ങളുടെ സൗരഭ്യം പേറിയ തണുത്ത കാറ്റ് ഞങ്ങളുടെ മുഖങ്ങളെ തഴുകിയൊഴുക്കി. കനലുകൾക്കുമീതെ പൊട്ടുന്ന ചോളത്തിനും, മുളകിട്ട് കീറിയ മാമ്പഴത്തിനും, മഴവിൽ നിറങ്ങൾ മിന്നി മായുന്ന കണ്ണടകൾക്കും കളിപ്പാട്ടങ്ങൾക്കുമിടയിലൂടെ ഒന്നിന് പുറകെ ഒന്നൊന്നായി ഞങ്ങളൂളിയിട്ടു.
പാലമില്ലാ പാലത്തിലൂടെ മനുഷ്യരും മരങ്ങളും മാനങ്ങളും മതിലുകൾ തീർത്ത തുരങ്കത്തിലൂടെ …
മടക്ക യാത്ര ആരംഭിച്ചു… കാണാ കാഴ്ചകൾ ബാക്കി വച്ച് ഞങ്ങൾ തണുപ്പിന്റെ കൂട്ടുകാരിയോട് യാത്ര പറഞ്ഞു. ഇരമ്പിയാർക്കുന്ന ബസിലെ ആരവങ്ങൾക്കിടയിൽ ‘ഇനി എന്ന് കാണും?’ എന്നൊരു പതിഞ്ഞ സ്വരം ആരെങ്കിലും കേട്ടുവോ?
മുതിരിവള്ളികൾ പോലെ പടർന്നു കയറുന്നതാണ് പ്രണയമെന്ന് കവികൾ. മനസിലെ പന്തലിൽ പഴുത്തു തൂങ്ങുന്ന കുലകളിലെ ചാർ അവരുടെ കവിതകൾ. അത് മനസിലാവുന്നത് തേനിയിലെ മുന്തിരി തോട്ടം കാണുമ്പോഴാണ്. അറിയാതെ പ്രണയം മൊട്ടിട്ടുപോകുന്ന കാഴ്ചയാണത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന മുന്തിരിവള്ളികളുടെ പച്ചപ്പന്തൽ, അതിലലങ്കാര തുന്നൽ പോലെ ഇളം ചുവപ്പും കരിനീല കറുപ്പും നിറങ്ങളിൽ ഭാരം തൂങ്ങിയ മുന്തിരിക്കുലകളും. ഈ മനോഹാരിത സൃഷ്ടിച്ച ദൈവമേ ………..നീ എത്ര മഹാനായ കലാകാരനാണ്!
ഈ പ്രണയാർദ്രയാമത്തിൽ തോട്ടത്തിൽ ഉലാത്തുന്ന ചങ്ങാതിമാരിൽ നിന്നും പ്രേമത്തിൻ കുമിളകൾ പറന്നുയരുന്നുണ്ടായിരുന്നോ? പക്ഷേ ഏദൻ തോട്ടത്തിലെ പോലെ ഈ മുന്തിരിയും ഞങ്ങൾക്ക് വിലക്കപ്പെട്ട കനിയായിരുന്നു. ആരും മുന്തിരിക്കുലകൾ പൊട്ടിക്കരുതെന്നും പൊട്ടിച്ചാൽ തോട്ടത്തിൽ നിന്നും പുറത്താക്കുമെന്നും കർശന നിർദേശമുണ്ടായിരുന്നു. പലരും കുലയുടെ കൂടെ നിന്ന് സെൽഫിയെടുത്തു തങ്ങളുടെ ‘കുലമഹിമ’യിൽ അഭിമാനം പൂണ്ടു.
തോട്ടത്തിന് പുറത്ത് മുന്തിരിയുടെയും ചാറിന്റെയും വില്പനയുണ്ടായിരുന്നു. ഞങ്ങൾ അത് വാങ്ങി കുടിച്ചു. വീട്ടിലേക്ക് വേണ്ടി വാങ്ങുകയും ചെയ്തു.
ഉഷ്ണവസ്ത്രങ്ങൾ അഴിഞ്ഞുവീണു. വീടണയുന്നതിന്റെ തയ്യാറെടുപ്പെന്നോണം വിയർപ്പുകണങ്ങൾ നെറ്റിയിൽ പൊടിഞ്ഞു.
സീതയെ തേടിയുള്ള യാത്രയിൽ ശ്രീരാമൻ തങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന രാമക്കൽ മേട്, അതാണ് ആ സ്ഥലപ്പേരിന്റെ അർഥം. അവിടുത്തെ വനത്തെ പോലെ നിബിഡമാണ് അവിടുത്തെ ചരിത്രവും. ഐതീഹ്യമെന്നു മെന്നു പറയുന്നതാവും ഉചിതം. അവിടുത്തെ കാഴ്ചകൾ വ്യത്യസ്തങ്ങളായ മാനസികാവസ്ഥയാണ് സമ്മാനിച്ചത്.
ഞങ്ങളെ വഹിച്ചു കൊണ്ടുള്ള ജീപ്പുകൾ അതിശയിപ്പിക്കും വേഗത്തിൽ കുത്തനെയുള്ള കൽപാതയിലൂടെ ഗിരിശൃംഗങ്ങളെയും താണ്ടി; ഇവ മേഘങ്ങളിലേക്കും പറക്കുമെന്നു തോന്നിപോയി. മലമുകളിലെ പാറക്കെട്ടിൽ കുറവന്റെയും കുറത്തിയുടെയും പടുകൂറ്റൻ ശില്പം. വേഴാമ്പൽ. എഴുതപ്പെടാത്ത ചരിത്രത്തിന്റെയും അറിയപ്പെടാത്ത ആദിമവർഗ്ഗങ്ങളുടേയും തിരുശേഷിപ്പെന്നോണം മൂകമായി അവ അവിടെ നിലകൊണ്ടു. ഇടുക്കി അണക്കെട്ടുകൾ നിർമിക്കുവാൻ ആവിശ്യമായ മലമടക്കുകളെ കുറിച്ചുള്ള സുപ്രധാനമായ അറിവുകൾ കൈമാറി കുറവാനും കുറത്തിയും സഹായിച്ചു എന്നതാണ് വായമൊഴി.
ചങ്കുറപ്പുള്ള ചങ്ക്സ് പാറക്കെട്ടിന്റെ ഉച്ചിയിൽ വരെ കയറിപറ്റി. ചരട് പൊട്ടിയ പട്ടം പോലെ നോട്ടം താഴേക്ക് പാറി ഇറങ്ങുമ്പോൾ കാണാം പരവതാനി പോലെ പറന്നു കിടക്കുന്ന പച്ച ഭൂമി. അതിൽ ഈർക്കിൽ പോലെ കുത്തിവെച്ചിരിക്കുന്ന കാറ്റാടി യന്ത്രങ്ങൾ. മനുഷ്യ വാസമുള്ള ഇടങ്ങൾ അവിടെ നിന്ന് ദൃശ്യമായിരുന്നു. ഭൂമിയുടെ മരതകമേനിയിൽ വ്രണങ്ങൾ വരണ്ടുണങ്ങി നിൽക്കുന്നത് പോലെ വീടുകൾ, വ്യാപാര സമുച്ഛയങ്ങൾ, ഉദ്യോഗ ശാലകൾ…. എല്ലാം. മനുഷ്യനെന്ന മഹാ സംസ്കാരം ഇത്ര വികൃതമായിരുന്നോ? എത്ര ശ്രമിച്ചിട്ടും ഒരു മനുഷ്യനെ പോലും കാണുവാൻ ഏതാനും അടികൾ മാത്രം ഉയരമുള്ള ആ മക്കളിൽ നിന്നും സാധ്യമല്ലായിരുന്നു. ഇത്ര ചെറുതാണോ ലോകത്തെ മുഷ്ടിയിൽ അമർത്താൻ വെമ്പുന്ന ഈ സൃഷ്ടി? സമൂഹത്തിൽ അഹങ്കരിച്ചും നടക്കുന്ന മനുഷ്യർ ഒരിക്കലെങ്കിലും ഈ ഉയരങ്ങളിൽ നിന്നും അവരെ തന്നെ നോക്കി കണ്ടിരുന്നെങ്കിൽ……
ഡി ജെ വിനോദ യാത്രയ്ക്ക് ഒഴിവാക്കാൻ സാധ്യമല്ലാത്ത അവിസ്മരണീയമായ ഒരു അനുഭവമാണ്. പലപ്പോഴും പരിധി വിടുന്നു എന്ന് പരാതി ഉയരുന്ന ഒരു ഏർപ്പാടാണ് ഇത്. പക്ഷെ ഞങ്ങളുടെ അധ്യാപകർ സുരക്ഷിതമായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഇടയിൽ കസേരകൾ കൊണ്ട് വേലി തീർത്തു. കാതടപ്പിക്കുന്ന സംഗീതത്തിന്റെയും ലേസർ വെളിച്ചങ്ങളുടെയും ഇടയിൽ ഞങ്ങൾ ആടിത്തിമിർത്ത്.
ആരവങ്ങളോരോന്നായി നിലച്ചുകൊണ്ടു മടക്കയാത്ര .’സീറു ഫിൽ അർള് ‘ എന്ന വചനത്തിന്റെ പര്യവസാനം. പിന്നിട്ട ദിനങ്ങളുടെ സുന്ദരസ്മരണകൾ ഓർമ്മത്താളുകളിൽ ഒട്ടിച്ചുകൊണ്ടു എല്ലാവരും മിഴികൾ പൂട്ടി. ‘ഈ മനോഹര തീരത്ത് വരുമോ ഇനി ഒരു വട്ടം കൂടി ……’
ചുരങ്ങൾ പുളഞ്ഞിറങ്ങുന്ന ബസിന്റെ വെളിച്ചം ,ഭൂമിയിലേക്ക് പതിക്കുന്ന ഏതോ വാൽനക്ഷത്രം പോലെ ദൂരങ്ങളിലേക്ക് മാഞ്ഞു …
Author Profile

- Savage
Latest entries
Travelogue2019.12.02ഓർമകളുടെ താളുകളിൽ ഒരു യാത്രാ ചിത്രം
News2019.11.04ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിനിടെ അണിയറയിൽ നടന്ന ‘സ്കിറ്റ്.
News2019.06.29Say No to Drugs
News2018.12.30Raw Days of Impregnable Experiences