മഴയനുഭവം

എല്ലാ വർഷത്തെയും പോലെ ഈ മഴയേയും സാധാരണ പോലെയേ കണ്ടിരുന്നുള്ളൂ. ശക്തമായ മഴ കാരണം ബുധനാഴ്ച സ്കൂൾ നേരത്തേ വിട്ടിരുന്നു. അന്ന് മഴ നനഞ്ഞാണ്‌ ഞാൻ വീട്ടിലേക്ക് നടന്നത്. രാത്രിയോടുകൂടി മഴ ശക്തിപ്പെടുകയും കളക്ടർ ലീവ് പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുനേരം ഞാൻ എന്റെ മുയ്യത്തെ അമ്മവീട്ടിലേക്ക് പോയി. അവിടെ നിന്ന് ഞങ്ങൾ വെറുതെ പുറത്തിറങ്ങി നാണിച്ചേരികടവിലേക്ക് പോയി. അവിടെയെത്തിയപ്പോഴേക്കും മഴയുടെ രൗദ്രഭാവമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. വാഹനങ്ങൾ ഒന്നും തന്നെ പാലത്തിനടുത്തേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല. കുറച്ചുസമയത്തിനകം തന്നെ അവിടേക്ക് ഒരു പാട് ലോറികൾ വലിയ തോണികളുമായി എത്തി. ആ ലോറികൾക്കൊപ്പം ഞങ്ങളും പാലത്തിനടുത്തേക്ക്പോയി. പാലത്തിനടുത്തുള്ള ഇറക്കം മുതൽ കാണാൻ കഴിഞ്ഞത് കടലിന് സമാനമായ പുഴയെയാണ്. മലയോരങ്ങളിൽ ഉരുൾപൊട്ടിയത്തിന്റെ അവശിഷ്ടങ്ങൾ പുഴയിലൂടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു. പുഴയോരത്തുള്ള മരങ്ങളെല്ലാം വെള്ളത്തിലകപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.

വ്യാഴാഴ്ചത്തെ മഴയെക്കാൾ ശക്തിയായ മഴയായിരുന്നു വെള്ളിയാഴ്ച. അന്നും സ്കൂളിന് അവധിയായിരുന്നു. രാവിലെ ഉറക്കം ഉണർന്നത് വല്യമ്മയുടെ ഫോൺ കാൾ കേട്ടുകൊണ്ടാണ്. വീടിന് മുന്നിലുള്ള റോഡിലേക്ക് മുയ്യം പുഴ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു. നമ്മൾ പെട്ടെന്ന് തന്നെ അവിടെയെത്തി. റോഡിലൂടെയുള്ള വെള്ളത്തിന് നല്ല ഒഴുക്കായിരുന്നു. റോഡിനെതിർവശത്തുള്ള കനാൽ പരന്നൊഴുകിയത് കാരണം ആ നാട് വെള്ളത്തിലായി. കനാലിന്റെ ഓരത്തുള്ള വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറി.

ഇന്നും ഞങ്ങൾ നാണിച്ചേരിയിലേക്ക് യാത്ര പോയിരുന്നു. ഇന്നലത്തേതിലും കഷ്ടമായിരുന്നു അവിടുത്തെ അവസ്ഥ. കഴിഞ്ഞ വർഷത്തെ പ്രളയം ടിവിയിലൂടെ മാത്രമേ കണ്ടിരുന്നുള്ളൂ, പക്ഷെ ഇന്ന് ഞാൻ അത് നേരിൽ കണ്ടു. നാട്ടുകാർ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു ഒഴിപ്പിക്കുന്ന തിരക്കിലായിരുന്നു അവരെല്ലാം. ഇതിനിടയിൽ ഞങ്ങൾ പോകുമ്പോൾ ഉള്ളതിനേക്കാൾ വെള്ളം കൂടിയിരുന്നു. ഈ വെള്ളത്തിനിടയിലൂടെ കുറച്ച് ആൺകുട്ടികൾ ഒരു കസേരയും പൊക്കിപ്പിടിച്ച് വരുന്നു. അടുത്തെത്തുമ്പോഴാണ് അതിലുള്ളതെന്താണെന്ന് മനസിലായത്. അതൊരു പട്ടിയായിരുന്നു അതിന്റെ ഉടമസ്ഥൻ വീടൊഴിയുമ്പോൾ കൂടുതുറക്കാൻ മറന്നുപോയതായിരുന്നു. ആകെ നനഞ്ഞ് അവശയായിരിക്കുന്ന നായയുടെ അടുത്ത് അതിന്റെ ഉടമസ്ഥൻ കരഞ്ഞു കൊണ്ടിരിപ്പുണ്ടായിരുന്നു. പിന്നീടവർ അതിനെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു.

ആ പ്രദേശത്തെ വീടുകളുടെ കക്കൂസ് ടാങ്കുകളും കിണറുകളുമെല്ലാം വെള്ളത്തിനടിയിലായിപ്പോയിരുന്നു. അൽപ സമയത്തിനകം ഒരു വണ്ടി നിറയെ ഭക്ഷ്യ വസ്തുക്കളെത്തി. അതൊരു എയർ ബോട്ടിൽ കയറ്റി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചു . ഈ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. തിരിച്ച് വീട്ടിലേക് വരുമ്പോൾ എന്റെ മുട്ടോളം വെള്ളമെത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്കും വർധിച്ചതിനാൽ റോഡിലൂടെ നടക്കാൻ കഴിയാതെയായി.

വെള്ളിയാഴ്ച രാത്രിയോടെ മഴ കൂടി തുടങ്ങി. ശനിയാഴ്ച ഞാൻ മുയ്യത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അമ്മമ്മയുടെ ഫോൺ കാൾ വന്നു. അത്യാവശ്യ സാധനങ്ങൾ എടുത്ത് താമസം മാറാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു എന്നാണ് അമ്മാമ്മ പറഞ്ഞത്. വീട്ടിൽ എത്തുമ്പോഴേക്കും മുറ്റത്തുണ്ടായിരുന്ന വെള്ളം അരക്കൊപ്പം എത്തിയിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം രണ്ടാം നിലയിലാക്കി. അടുക്കളയിൽ കയറിയ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചു കൊണ്ടിരുന്നു. ഞങ്ങൾ കുറച്ച് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് താമസം മാറി.
ഞായറാഴ്ചയോടുകൂടി മഴയ്ക് നേരിയ ശമനമുണ്ടായി. അതുകൊണ്ട് തന്നെ വെള്ളവും ഇറങ്ങിപ്പോവാൻ തുടങ്ങിയിരുന്നു. തിങ്കളാഴ്ചയായപ്പോൾ നാട് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നു .

1

Author Profile

DhanasreeAnilkumar
March 25

DhanasreeAnilkumar

March 25

Leave a Reply

Your email address will not be published. Required fields are marked *

14 − five =