സ്കൂൾ കിറ്റ് വിതരണം ചെയ്തു
കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച പ്രദേശങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ ചെങ്ങളായി. ചെങ്ങളായി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ കൈതാങ്ങ്. വളണ്ടിയർമാർ തയ്യാറാക്കിയ സ്കൂൾ കിറ്റ് ചെങ്ങളായി മാപ്പിള എ .എൽ .പി സ്കൂളിലെ അർഹരായ 60 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
വെള്ളപ്പാച്ചിലിൽ മിക്ക വിദ്യാർത്ഥികളുടെയും പുസ്തകങ്ങളും യൂണിഫോമും അടക്കമുള്ള എല്ലാ വസ്തുക്കളും ഒലിച്ച് പോവുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിരുന്നു. താരതമ്യേന സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുടുംബങ്ങളായിരുന്നു ഭൂരിഭാഗവും. ഭാവിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസത്തിന്റെ ചെറു തരിയെങ്കിലുമായി മാറി ഈ പ്രവർത്തനം.
ഓഗസ്റ് 19 തിങ്കളാഴ്ച 11 മണിയോടെ വളണ്ടിയേഴ്സ് ചെങ്ങളായി എത്തി. ചെങ്ങളായി മാപ്പിള എ എൽ പി സ്കൂളിലെ എച്ച് എം ശ്രീമതി വത്സല പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. സീതി സാഹിബ് സ്കൂൾ മാനേജർ പി .കെ സുബൈർ ഉദ്ഘാടനം ചെയ്തു. പിന്നീട് സ്കൂൾ കിറ്റ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കൂടാതെ സ്കൂളിലെ കുരുന്നുകൾക്കായി പായസ വിതരണവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ എം കാസിം, എച്ച് എം പി. വി. ഫസലുള്ള, പ്രോഗ്രാം ഓഫീസർ പി. കെ. ശംസുദ്ധീൻ, പി ടി എ പ്രസിഡന്റ് താജുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
കിറ്റുകൾ സ്വീകരിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിഞ്ഞ സന്തോഷവും സംതൃപ്തിയും കണ്ട വളണ്ടിയർമാരുടെ ഹൃദയം നിറഞ്ഞു.
0