മാധ്യമ ധര്‍മ്മം

മാധ്യമ പ്രവര്‍ത്തനം ഒരു തപസ്യയാണ്.
വാര്‍ത്തകളും വിവരങ്ങളും സത്യസന്ധമായി ഒട്ടും ഗൗരവവും, സത്തയും ചോരാതെ സംപ്രേക്ഷണം ചെയ്യുകയാണ് മാധ്യമ ധര്‍മ്മം.
വര്‍ത്തമാനകാലത്ത് വൈവിധ്യവും വൈജ്ഞാനികവുമായ ഒട്ടനവധി മാധ്യമങ്ങള്‍ ഉണ്ട്. ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ കാലഹരണപ്പെട്ട നിരവധി മാധ്യമങ്ങളുമുണ്ട്. കത്തുകളും കാര്‍ഡുകളും ഇപ്പോഴുണ്ടോ എന്നറിയില്ല. ഒരു വലിയ കണ്ടുപിടുത്തമായിരുന്ന ടെലഗ്രാഫ് (കമ്പിയില്ലാ കമ്പി) ശൈശവത്തിലേ പൊലിഞ്ഞുപോയ ഉപകരണമാണ്. വാര്‍ത്താവിനിമയ മാര്‍ഗ്ഗത്തില്‍ അകാലചരമം പ്രാപിച്ച പേജര്‍ സംവിധാനം അറിയുന്നവര്‍ വിരളമാണ്.

ടി.വിയുടെ വരവ്കൊണ്ട് യവനികക്ക് പിന്നിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന വലിയ മാധ്യമമാണ് മാര്‍ക്കോണിയുടെ റേഡിയോ.അതുപോലെ ടാപ്റിക്കാര്‍ഡറും വി.സി.ആറും. വിവരങ്ങള്‍ വിരല്‍ തുമ്പിലേക്ക് എന്ന മുദ്രാവാക്യവുമായാണ് കംപ്യൂട്ടര്‍ വന്നത്. അതും ലാന്‍ഡ് ഫോണും മൊബൈല്‍ ഫോണിന്‍റെ ആഗമനത്തിലൂടെ നിറം മങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങളില്‍ അതിജീവനത്തിലൂടെ പിടിച്ച് നില്‍ക്കുന്നത് പത്രങ്ങളാണെന്നത് നിസ്തര്‍ക്കമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഗുണം ധൈര്യവും ആര്‍ജ്ജവവും സത്യസന്ധതയുമാണ്. മാനുഷീകത നഷ്ടമാകുന്ന കാലത്ത് മാധ്യമ ധര്‍മ്മം പാലിക്കപ്പെടാന്‍ അത്യധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. മാധ്യമോപാധികള്‍ കാലഹരണപ്പെടുന്നത് പോലെ മാധ്യമ ധര്‍മ്മങ്ങള്‍ക്ക് മൂല്യച്യുതി സംഭവിക്കരുത്.
ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള കുതിപ്പാണ് ആദ്യത്തേതിന് കാരണമെങ്കില്‍ മനുഷ്യത്വരാഹിത്യവും, സ്വാര്‍ത്ഥതാല്‍പര്യങ്ങളുമാണ് രണ്ടാമത്തേതിന് കാരണം.
ദ്യശ്യമാധ്യമങ്ങളില്‍ സത്യസന്ധമായി വന്ന കാര്യങ്ങളെ കൂടി നിഷേധിക്കുകയും, മാറ്റിപ്പറയുകയും ചെയ്യാന്‍ മാത്രം ലജ്ജ നഷ്ടപ്പെട്ട കാലമാണിത്. അതുകൊണ്ട് തന്നെ മാധ്യമ മേഖലയില്‍ അര്‍പ്പണ ബോധത്തോടെ, ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുക എന്നത് ദുഷ്കരമായ കാര്യമാണ്.

മത, രാഷ്ട്രീയ, സാമ്പത്തീക, സാമൂഹിക, ശാസ്ത്ര വൈജ്ഞാനിക മേഖലകളെ കുറിച്ച് ചെറുതല്ലാത്ത അവബോധം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണം.
സത്യം, ധര്‍മ്മം, നീതി എന്നിവ മുഖമുദ്രയായിരിക്കണം. അധികാരിവര്‍ഗ്ഗത്തോടുള്ള, ഭൂരിപക്ഷത്തോടുള്ള വിധേയത്വമാണ് സാംസ്കാരികാധപ്പതനത്തിനുള്ള മറ്റൊരു കാരണം.

പത്രപ്രവര്‍ത്തന രംഗത്ത് പ്രതിസന്ധികള്‍ നിരവധിയാണ്. സോഷ്യലിസവും ജനാധിപത്യവ്യവസ്ഥിതിയും കൃത്യമായി പാലിക്കുന്നിടത്ത് പ്രശ്നങ്ങള്‍ കുറവായിരിക്കാം. ഏകാധിപത്യവും ഫാസിസവും കൊടികുത്തി വാഴുമ്പോള്‍ മാധ്യമപ്രവര്‍ത്തനം ദുഷ്കരവും ക്ലേശോന്മുഖവും ആകുന്നു.. ചുരുങ്ങിയ കാലം കൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ തമസ്കരിക്കപ്പട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ എത്ര പത്രപ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു എന്നത് ചിന്തനീയമാണ്.

സര്‍.സി.പിയുടെ ഭരണകാലത്താണ് സ്വാതന്ത്ര്യേച്ഛുവായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകത്തിയത് സത്യസന്ധമായ പത്രപ്രവർത്തനം നടത്തിയതിനാണ്. അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത് പത്രത്തിന്റെ ഭാഷയുടെ ശക്തിയെ ഭയന്നാണ്. സ്വേച്ഛാധിപതിയായ നെപ്പോളിയൻ പോലും പത്രത്തിനെ ബയനറ്റിനേക്കാൾ ഭയപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.

ഇന്ന് നമ്മുടെ നാടിന്‍റെ ഫാസിസ്റ്റ് മുഖം എത്ര ക്രൂരവും,ഉന്‍മൂലനേച്ഛയുമുള്ളതുമാണ്. ഗൗരീ ലങ്കേഷ് ആധുനിക ഇന്ത്യയുടെ രക്തസാക്ഷി ആകേണ്ടിവന്നത് സത്യസന്ധവും ധീരോദാത്തവുമായ പത്രപ്രവര്‍ത്തനം നടത്തിയത് കൊണ്ട് മാത്രമാണ്. ഇത് ഭയപ്പെടുത്താനോ,തളര്‍ത്താനോ പറഞ്ഞതല്ല. പ്രസ്തുത ഫാസിസ്റ്റ് യുഗത്തില്‍ നമ്മുടെ മാനസീക തയ്യാറെടുപ്പ് എത്രകണ്ട് വേണം എന്ന് ഓര്‍മ്മിപ്പിക്കാനും പത്രപ്രവർത്തനത്തിന്റെ മഹത്വവും ശക്തിയും ധർമ്മവും ബോധ്യപ്പെടുത്താനുമാണ്.

0

Author Profile

fasalullah
H. M, Seethi Sahib HSS, Taliparamba

fasalullah

H. M, Seethi Sahib HSS, Taliparamba

Leave a Reply

Your email address will not be published. Required fields are marked *

11 + seven =