മനസ്സുകളുടെ ലോക്ക്
“2020-ൽ മനുഷ്യൻ ചൊവ്വയിൽ കാല് കുത്തും”
അന്നത്തെ പത്രത്തിലെ വാർത്ത കണ്ട് അയാൾ ഞെളിഞ്ഞൊന്ന് ചിരിച്ചു.. മറ്റാരും തുറക്കാതിരിക്കാൻ വേണ്ടി ലോക്ക് ചെയ്ത് വെച്ച ഫോണെടുത്ത് ആ വാർത്ത കാമറയിൽ പകർത്തി അയാൾ അത് ഫാമിലി ഗ്രൂപ്പിൽ ഇട്ടു. ‘മനുഷ്യൻ ഡാ….’ എന്ന് ക്യാപ്ഷനും.
വീടിൻ്റെ ഓരോ മൂലയിൽ നിന്നും ഉടൻ റീപ്ലേ വന്നു തുടങ്ങി.
‘സയൻസ് നീണാൾ വാഴട്ടെ…’
‘ശാസ്ത്രം കുതിക്കുന്നു…’
വിശന്നു തുടങ്ങിയപ്പോൾ ഗ്രൂപ്പിൽ അഡ്മിൻ്റെ മെസ്സേജ് ‘ഇന്നത്തെ ഭക്ഷണം സിറ്റിയിലെ 5 സ്റ്റാർ ഹോട്ടലിൽ വെച്ച്.’
എല്ലാവരും ഫോൺ ‘ലോക്ക് ‘ ചെയ്ത് പുറത്തിറങ്ങി.
‘ഞങ്ങ വരുന്നത് വരെ നോക്കിയേക്കണം’
കൂട്ടിലടച്ച കാവൽ നായയോട് അവർ പറഞ്ഞു.
അവരാരും മുഖാമുഖം നോക്കിയില്ല, അന്യോന്യം മിണ്ടിയില്ല. ചീറിപ്പാഞ്ഞ കാറിന് കുറുകെ റോഡിലെ തെരുവ് നായ്ക്കൾ ഭയന്നോടി.
പുക തുപ്പിയ കാർ അന്തരീക്ഷം മലിനമാക്കി.
സിറ്റിയിലെ 5 സ്റ്റാർ ഹോട്ടലിൽ അന്താരാഷ്ട്ര വിഭവങ്ങൾ നിരത്തി വെച്ചിരിക്കുന്നു.
എല്ലാവർക്കും വേണ്ടത് ചൈനീസ് രുചിഭേദങ്ങൾ……
ഇഴ ജന്തുക്കൾ മുതൽ ഈനാംപേച്ചി വരെ എല്ലാ൦ വറുത്തും പൊരിച്ചും വെച്ചിരിക്കുന്നു.
ചെരിഞ്ഞും മറിഞ്ഞും സെൽഫികൾ എടുത്ത ശേഷം വാരിയും വലിച്ചും കഴിച്ച് അവർ നിശാ ക്ലബ്ബിലേക്ക് തിരിച്ചു…
പാട്ടും കൂത്തും തകർത്തു..
നഗ്ന മേനികൾ നൃത്തമാടി..
മദ്യം നുരഞ്ഞു പൊങ്ങി..
ഒടുവിൽ അർദ്ധ പ്രഞ്ജരായി വീട്ടിലേക്ക്.
* * * *
ഫാമിലി ഗ്രൂപ്പിൽ വരും ദിവസങ്ങളിൽ നടക്കേണ്ട ബിസിനസ് ടൂറുകളെ കുറിച്ച് ചർച്ച നടക്കുന്നു…
കുട്ടികൾക്ക് വെക്കഷൻ അടിച്ചു പൊളിക്കാൻ യൂറോപ്പിലേക്ക് പോകണം..
ചിലർക്ക് സ്കാൻഡിനേവിയൻ ദ്വീപുകൾ…
എന്തായാലും ടൂർ ഷോപ്പിങ്ങിന് പോകാൻ ധാരണയായി.
‘ നശിച്ച തുമ്മൽ…നിങ്ങൾക്കുണ്ടോ guys…
അതിനിടെ അഡ്മിൻ്റെ മെസ്സേജ്..
ഉണ്ടെന്ന് ചിലർ.
ചിലർക്ക് തൊണ്ട വേദന.
എന്തായാലും ഷോപ്പിങ്ങിന് പോകുമ്പോൾ ടാബ്ലറ്റ് വാങ്ങാം.
ദിവസങ്ങളോളം മരുന്ന് കഴിച്ചെങ്കിലും ചുമയും തുമ്മലും വർധിച്ച് തന്നെ വന്നു.
എല്ലാവരുടെയും രക്തം പരിശോധനക്ക് കൊടുത്തിരിക്കുന്നു.
ഫലത്തിനായി കാത്തിരിപ്പാണ്..
അപ്പോൾ ഏതോ ഒരു വൈറസ് ചൈനയിൽ പിടിച്ച വാർത്തയുടെ ലിങ്ക് ആരോ ഗ്രൂപ്പിൽ ഇട്ടു. അത് ചൈനയിലല്ലേ എന്ന് ആത്മഗതം. കിടക്കുമ്പോൾ, മൈൽ ബോക്സിൽ രക്ത പരിശോധനയുടെ ഫലം വന്നിരിക്കുന്നു!!…
ഒരു നിമിഷം സ്തബ്ധനായി നിന്ന അയാൾ അതിൻ്റെ സ്ക്രീൻ ഷോർട് ഗ്രൂപ്പിൽ ഇട്ടു…
എല്ലാവർക്കും പുതിയ വൈറസ് ബാധ Positive..!!.
മുകളിലും മൂലയിലും ഇരുന്നിരുന്നവർ ഭയചകിതരായി ഇറങ്ങിവന്നു..
എന്തു ചെയ്യും..
ഭയന്ന് വിറച്ച് നിൽക്കുമ്പോൾ പുറത്ത് ആംബുലൻസിൻ്റെ ചൂളം വിളി…
‘അടിയന്തിരമായി ഐസോലേഷനിൽ കിടത്താൻ ഓർഡർ ഉണ്ട്.. ക്ഷമിക്കണം…’
നിമിഷ നേരം കൊണ്ട് സുഖഭോഗങ്ങളുടെ ആ രമ്യ ഹർമ്യം മരണ വീടിൻ്റെ നിശ്ശബ്ദതയിലേക്ക് മാറി.
നാട്ടിൽ കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു..
ആരും പുറത്തിറങ്ങരുത്.
ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു..
രോഗബാധിതർ പിടിച്ചു നിർത്താൻ പറ്റാത്ത വിധം വർധിക്കുന്നു.
അന്ത്യ കർമ്മങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം ദുർമരണങ്ങൾ നടന്നു.
ചൊവ്വയിലേക്ക് പറക്കാൻ ഒരുങ്ങിയ മനുഷ്യൻ ഒരു ഇത്തിരിക്കുഞ്ഞൻ വൈറസിൻ്റെ മുന്നിൽ വിയർത്തു…
പിടി കൊടുക്കാതെ അത് പറന്നു നടക്കുന്നു…
* * * *
ഇപ്പോൾ മനുഷ്യൻ വീട്ടുകാരെ മുഖാമുഖം കാണുന്നു… ഒരുമിച്ചിരുന്ന് സംസാരിക്കുന്നു…
ഉപ്പോ മുളകോ തീർന്നു പോയാൽ ദുരഭിമാനം ഏതുമില്ലാതെ അയൽവീട്ടുകാരോട് ചോദിക്കുന്നു..
കൊണ്ടും കൊടുത്തും കഴിയുന്നു…
നഗരം വിജനം..
തെരുവുകൾ ആളൊഴിഞ്ഞു…
ജീവജാലങ്ങൾ ആരെയും ഭയക്കാതെ ഇറങ്ങി നടക്കുന്നു..
പുകയും പൊടിയും മലിനമാക്കാത്ത അന്തരീക്ഷം…
പ്രകൃതി സന്തോഷ നൃത്തം ചെയ്തു..
കൂട്ടിൽ അടച്ചിരുന്ന കാവൽ നായയെ ആരോ തുറന്നു വിട്ടു..
ആളുകൾ പുറത്തിറങ്ങാത്ത വീടിനെന്തിന് കാവൽ….
ഇനി മുകളിലുള്ളവനേ രക്ഷിക്കാൻ കഴിയൂ എന്ന് ഏതോ രാജ്യത്തലവൻ നിസ്സഹായത പറഞ്ഞു..
ദൈവമേ ഇല്ലെന്ന് വാദിച്ചവർ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി..
ഒടുവിൽ……
വെൻ്റിലേറ്ററിൽ കിടന്ന് അന്ത്യ നിമിഷങ്ങൾ കിടക്കുന്ന അഡ്മിൻ ഗ്രൂപ്പിൽ അവസാനത്തെ മെസ്സേജ് അയച്ചു.
ഇനിയെങ്കിലും നമുക്ക് നമ്മുടെ മനസ്സുകളുടെ ലോക്ക് തുറക്കാം. ആർക്കും കയറി വരാൻ പറ്റുന്ന വിധം വെറുപ്പിൻ്റെ കാവൽ നായയെ മനസ്സിൽ നിന്ന് ആട്ടിയോടിക്കാം…
നമ്മൾ അല്ലാതെ ഭൂമിക്ക് വേറെയും അവകാശികൾ ഉണ്ടെന്ന് തിരിച്ചറിയാം..
നമ്മൾ കണ്ണിന് കാണാൻ പോലും കഴിയാത്ത ഒരു അണുവിനേക്കൾ എത്രയോ ചെറുതും ദുർബലരത്രെ…!!
A short but nice one.Makes us sit and think.Good work…..Nida hamza…👏 👏