പേടിപ്പെടുത്തുന്ന റോപ്പ് വേ ഗൊണ്ടോലയും കാഞ്ചൻ ഗംഗയും

ഡാർജിലിംഗ്, ഗാങ്ങ് ടോക്ക്, നാഥുലപാസ്, കൽക്കത്ത സ്വപ്ന യാത്രയിലൂടെ – ഭാഗം – 4

ഗാങ്ങ് ടോക്കിലെ റോഡുകൾ വളരെ വൃത്തിയും വെടിപ്പുമുള്ളതാണ് എന്ന് തന്നെ പറയാം. ഞങ്ങൾ സ്ഥലങ്ങൾ കാണാൻ മൂന്ന് കാറിൽ പുറപ്പെട്ടിരുന്നു. സിറ്റിയിൽ വലിയ തിരക്കില്ല. കുട്ടികൾ യൂണിഫോമിട്ട് സ്കുളിലേക്ക് നടക്കുന്ന കാഴ്ച നല്ല ഭംഗിയുണ്ട്. മെല്ലെ തിരക്ക് വന്ന് തുടങ്ങി. തിരക്കുണ്ടെങ്കിൽ തന്നെയും വാഹനങ്ങൾ വളരെ മാന്യമായി ക്യൂ നിൽക്കും .ഹോണടി ശബ്ദം കേൾക്കാനേ ഇല്ല. എത്ര മാന്യമായ ഡ്രൈവിങ്ങ് സംസ്കാരം .കൊതിച്ചു പോവുന്നു.യാത്രയിലുടനീളം ഞങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓവർ ടേക്കിങ്ങ് ഇല്ല എന്ന് തന്നെ പറയാം. പരസ്പര ബഹുമാനത്തിൽ അർപ്പിതമായ ഒരു ജീവിത രീതി .കേരളത്തിലാണേലോ ഇത് സ്വപ്നങ്ങളിൽ മാത്രം.

നമ്മുടെ X Militory കിരൺ ഡ്രൈവർ തന്റെ കാർ ഒരു ടൂർ സ്പോട്ടിനടുത്തുള്ള പാർക്കിങ്ങ് ഏരിയയിൽ  കാർ നിർത്തി. പുറകെ മറ്റ് രണ്ട് കാറുകളും എത്തിയിരുന്നു. ഗാങ്ങ് ടോക്ക് റോപ്പ് വെ ഗൊണ്ടാല എന്ന റോപ്പ് വേ സവാരി ആണ് ആദ്യം. ഞങ്ങളിൽ രണ്ട് പേർ 117 രൂപയുടെ 13 ടിക്കറ്റുകൾ കരസ്ഥമാക്കി.നാല്  നിലകളുള്ള ഒരു building ന്റെ നാലാം നിലയിൽ നിന്നും പുറപ്പെടുന്ന റോപ്പ് വേ ക്യാമ്പിൻ എത്തിച്ചേരുന്നത് വളരെ ഉയരത്തിലുള്ള മറ്റൊരു കുന്നിലെ ഉയരമുള്ള കെട്ടിടത്തിലെ നാലാം നിലയിലേക്കാണ്. കാണുമ്പോൾ തന്നെ എനിക്ക് പേടി കൂടി കൂടി വരാൻ തുടങ്ങി. എങ്കിലും കയറാൻ തന്നെ തീരുമാനിച്ചു. പത്തിരുപത് പേർക്ക് കയറി നിൽക്കാൻ പറ്റുന്ന ഒരു ക്യാബിൻ. അതിനകത്ത് ഇരിക്കാൻ ഇരിപ്പിടമില്ല. നിൽക്കണം. അത് കണ്ടപ്പോൾ വീണ്ടും എനിക്ക് പേടിയായി. ചുറ്റും ഗ്ലാസ് ഇട്ടിട്ടുണ്ട്. ഞങ്ങളും വേറെ കുറച്ച് പേരും അതിനകത്തുണ്ടായിരുന്നു.എല്ലാവരും കാഴ്ചകൾ കാണാൻ ഗ്ലാസിന് അടുത്തേക്ക് നീങ്ങി നിന്നു.ഞാൻ ക്യാബിന്റെ സെൻററിൽ നിന്നു മുകളിലെ hook ൽ രണ്ട് കൈയ്യും ഉയർത്തി പിടിച്ച് നിന്നു.ക്യാബിൻ പുറപ്പെട്ട് തുടങ്ങി .20 മിനിട്ട് കൊണ്ട് പോയി തിരിച്ച് വരും. താഴേക്ക് നോക്കിയാൽ ഗാങ്ങ് ടോക്ക് സിറ്റി മൊത്തം കാണാം. അതി മനോഹരമായ കാഴ്ച’.ഉയരം കൂടുന്തോറും എനിക്ക് ആസ്വാദനത്തിന്റെ സ്വാദല്ല കൂടി വന്നത്. പേടി കൊണ്ടുണ്ടാവുന്ന മുട്ടു വിറയൽ  ആണ്. അത് ഒരു വല്ലാത്ത വിറയൽ ആണ്. മറ്റുള്ളവർ എന്നെ ഗ്ലാസിനടുത്തേക്ക് ക്ഷണിച്ചെങ്കിലും ഞാൻ ക്യാബിന്റെ നടുഭാഗത്ത് നിന്ന് മാറിയില്ല. കാരണം ഞാൻ ഒരിഞ്ച് മാറിയാൽ ക്യാബിൻ ബാലൻസ് തെറ്റി താഴേക്ക് പൊട്ടി വീഴും ഉറപ്പ്. മനസ്സ് അത്രമാത്രം പേടിച്ചിരുന്നു. ഞാനെന്തേ ഇങ്ങനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ധൈര്യത്തോടെ കാര്യങ്ങളെ നേരിടും പക്ഷെ  ഇത്തരം സന്ദർഭങ്ങളിൽ എനിക്ക് മാത്രം എന്തേ ഇങ്ങനെ?

ഇപ്പോൾ ഇതെഴുതുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് PGക്ക് പഠിക്കുമ്പോൾ സൈലന്റ് വാലിയിൽ പോയ കാര്യമാണ്. കോളേജിൽ നിന്നും അധ്യാപകരോടൊത്ത് ടൂറിന് പോയതായിരുന്നു. അവിടെ ഒരു വാച്ച് ടവർ ഉണ്ടായിരുന്നു. ഒരു കുന്നിന്റെ ഏറ്റവും അറ്റത്തായിരുന്നു അത് സ്ഥാപിച്ചിരുന്നത്.ഇതിന്റെ മൂന്ന് ഭാഗവും അഗാധമായ കൊല്ലി ആയിരുന്നു. ആരെയും പേടിപ്പെടുത്തും,…ടവറിന്റെ അരികത്ത് കൂടിയുള്ള Step കയറി കയറി ഒരു നാല് നില എങ്കിലും കയറണം ടവറിന്റെ മുകളിൽ എത്താൻ .കമ്പി കൊണ്ടുണ്ടാക്കിയ ടവർ ആണ് .എല്ലാവരും കയറി തുടങ്ങി. ഞാനും …..രണ്ട് നില കഴിഞ്ഞപ്പോൾ എന്റെ സ്പെഷൽ മുട്ട് വിറയിൽ തുടങ്ങി ഞാൻ side ലുള്ള ഷീറ്റ് പിടിച്ച് കയറാൻ ശ്രമിച്ചു.അതിനിടെ ഞാൻ ആകാശത്തേക്ക് നോക്കി.കാരണം താഴോട്ട് നോക്കിയാൽ പേടിപ്പെടുത്തുന്ന ഗർത്തം.അപ്പോ മുകളിലേക്ക് നോക്കുന്നതല്ലേ നല്ലത്. നോക്കിയതും ടവർ കൊല്ലിയിലേക്ക് മറിഞ്ഞ് വീഴാൻ തുടങ്ങി .ഞാൻ ആകെ പേടിച്ചു വിറച്ചു….

മുഖത്ത് വെള്ളം കുടഞ്ഞ് എന്റെ കൂട്ടുകാർ  എന്നെ വിളിച്ചുണർത്തി അവർ എനിക്ക് ചുറ്റും നിൽക്കുന്നുണ്ട്.ഇപ്പോൾ ഞാൻ താഴെ ഭൂമിയിൽ അങ്ങനെ കിടക്കുകയാണ്. എനിക്ക് എത്ര മാത്രം ഈ ഭൂമിയെ ഇഷ്ടമാണെന്നോ??പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ ലോകത്ത് ഭൂമിയെ സ്നേഹിക്കുന്ന ഒരേ ഒരു മനുഷ്യൻ ഈ ഞാൻ മാത്രമാണ്. ഈ സത്യം ഞാൻ തിരിച്ചറിയുന്നു.സുഹൃത്തുക്കൾ എന്നെ താങ്ങിപ്പിടിച്ച് താഴെ എത്തിച്ച തൊന്നും അബോധാവസ്ഥയിൽ ഞാൻ അറിഞ്ഞിരുന്നില്ല. എന്താണ് സംഭവിച്ചത്.ബസ് സ്റ്റാന്റിൽ ബസ്സിനകത്തിരിക്കുന്ന നമ്മൾ  തൊടടുത്ത ബസ്സ് പുറകോട്ടെടുക്കുമ്പോൾ നമ്മുടെ ബസ്സ് മുന്നോട്ട് പോകുന്നതായി തോന്നാറില്ലേ അത് തന്നെ😭😭 ആകാശത്ത് നോക്കിയപ്പോൾ മേഘങ്ങൾ പുറകോട്ട് കാറ്റടിച്ച് നീങ്ങുന്നുണ്ടായിരുന്നു. അത് കണ്ട എനിക്ക് ടവർ മുന്നോട്ട് നീങ്ങി കൊല്ലിയിലേക്ക്  മറിയുന്നതായി തോന്നിയതായിരുന്നു.എന്റെ ബോധം പോകാൻ വേറെ വല്ലതും വേണോ.?? കോളേജ് യുണിയൻ ചെയർമാനായിരുന്ന ഞാൻ പിന്നെ ഒരാഴ്ച നാണക്കേട് കൊണ്ട്  ലീവെടുത്ത് നാട്ടിലേക്ക് പോന്നു. ചെയർമാനായത് കൊണ്ട് തന്നെ കോളേജിൽ പാട്ടായത് പറയേണ്ടല്ലോ .ഇപ്പോ നിങ്ങടെ മുന്നിലും പാട്ടായി….

gangtok sikkim travelogue
റോപ്പ് വേ ഗൊണ്ടാല, ഗാങ്ടോക്ക് , സിക്കിം

ഇനി റോപ്പ് വേയിലേക്ക് വരാം .പത്ത് മിനിട്ട് കൊണ്ട് അപ്പുറത്ത് എത്തിയിരുന്നു ഈ പേടകം. തിരിച്ച് ഇപ്പുറത്തേക്ക് പുറപ്പെട്ടപ്പോൾ ഇറക്കമായിരുന്നു റോപ്പിന്. ഒളികണ്ണിട്ട് എല്ലാവരേയും നോക്കി. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഒരു ഗ്യാപ്പിലൂടെ താഴോട്ട് നോക്കി. മനോഹരമായ ഗാങ്ങ് ടോക്ക് സിറ്റി.പച്ചപുതപ്പിച്ച കുന്നിൻ ചെരുവുകൾ. ഷീറ്റ് കൊണ്ട് മുടിയ ബിൽഡിങ്ങുകൾ.ഉയരമുള്ള മരങ്ങൾ. ഒഴുകി നീങ്ങുന്ന വാഹനങ്ങൾ.അതി മനോഹരമായ കാഴ്ച.ക്യാബിൻ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്താറായി .ഇതുവരെയും രണ്ട് കൈയ്യും പൊക്കിയുള്ള  പിടുത്തം വിട്ടിരുന്നില്ല. എല്ലാവരേയും ക്യാബിൻ ഉലയാതെ രക്ഷിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെ ഞാൻ റോപ്പ് വേയിൽ നിന്നും മുട്ട് വെറയലിൽ നിന്നും മുക്തനായി, പുതിയ ഒരു തീരുമാനവുമായി

ഇല്ല ഇനിയൊരിക്കലുമില്ല

റോപ്പ് വേ എന്ന മുട്ട് വിറ യാത്ര.

ഇത് റോപ്പ് വെ അല്ല മുട്ട് വിറ വെ യാണ് .ഒരു സംശയവുമില്ല.

താഴെ എത്തിയ ഞാൻ നമ്മുടെ കിരൺ ഡ്രൈവറുടെ side seat ൽ തന്നെ Seat പിടിച്ചു.എകദേശം 1975 ൽ ആണ് സിക്കിം ഇന്ത്യയുടെ ഭാഗമായത് ,ബുദ്ധമതക്കാരുടെ മൊണാസ്ട്രികൾ ഇവിടെ ഒരു പാടുണ്ട്. Gonjangu Monastery, Enchey Monastery, Runtech monastery ഇവയൊക്കെ ഇതിൽ പെട്ടവയാണ്.അങ്ങനെയുള്ള ഒരു മൊണാസ്ട്രി കാണാൻ ഞങ്ങളെയും കൊണ്ട് കിരൺ പുറപ്പെട്ടു. അതിന് മുമ്പായി ബുദ്ധമത വിശ്വാസികളുടെ ചരിത്രം വിളിച്ചോതുന്ന ഒരു മ്യൂസിയത്തിലും ഞങ്ങൾ കയറി. രണ്ട് സ്ഥലത്ത് വെച്ചും ആവോളം ഫോട്ടോയും എടുത്തു. അതിനിടയിൽ ഒരു ബുദ്ധഭിക്ഷുവിന്റെ കൂടെ ഫോട്ടോ എടുക്കാനും മറന്നില്ല

 

വീണ്ടും യാത്ര ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തേതുമായ ഉയരം കുടിയ മലയാണ് കാഞ്ചൻ ജുംഗ .അത് കാണാനുള്ള ഒരു View Point ലാണ് നമ്മൾ പിന്നീട് എത്തിയത്.മനോഹരമായ ആ കാഴ്ച കൺ കുളിർക്കെ  കണ്ടതിന് ശേഷം വീണ്ടും കാറിൽ കയറി. കാർ മുന്നോട്ട് നീങ്ങി കൂടെ മനം നിറക്കുന്ന ചിന്തകളും…

 

സ്വപ്ന യാത്ര- നാഥുലപാസ് വരെ Part – 1

ബർഗറും സുന്ദരികളും Part – 2

സിക്കിമിലെ ഗാങ്ങ് ടോക്കും മോമോസും Part – 3

പേടിപ്പെടുത്തുന്ന റോപ്പ് വേ ഗൊണ്ടോലയും കാഞ്ചൻ ഗംഗയും Part – 4

0

firoz

HSST Chemistry, Seethi Sahib HSS, Talipparamba

Leave a Reply

Your email address will not be published. Required fields are marked *

twenty − nine =