സ്വപ്ന യാത്ര- നാഥുലപാസ് വരെ
ഡാർജിലിംഗ് ,ഗാങ്ങ് ടോക്ക്, നാഥുലപാസ്, കൽക്കത്ത സ്വപ്ന യാത്രയിലൂടെ – ഭാഗം – 1
ഇൻഡിഗോയുടെ കൽക്കത്ത ചെന്നൈ ഫ്ളൈറ്റിലിരുന്നാണ് മൊബൈലിൽ ഞാൻ ഇത് എഴുതുന്നത്. രണ്ടര മണിക്കൂർ ആകാശ നിലിമയിക്കിടയിലൂടെ പറക്കുമ്പോൾ സമയത്തെ കൊല്ലാൻ കണ്ടെത്തിയ ഒരു ഇഷ്ട മാർഗ്ഗം ആയിരുന്നു ഈ യാത്രാവിവരണം.വളരെ മനോഹരമായ ഒരു യാത്രയുടെ മടക്കയാത്രയിലാണ് ഇപ്പോൾ ഞങ്ങൾ 13 പേർ.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിഭാഗത്തിലെ അധ്യാപകരും അധ്യാപികമാരും ഒരുമിച്ചുള്ള അവിസ്മരണീയമായ രണ്ടാമത്തെ സ്റ്റാഫ് ടൂർ.കഴിഞ്ഞ വർഷം രണ്ട് ദിവസത്തെ ബോംബെ യാത്ര ആയിരുന്നുവെങ്കിൽ ഇപ്രാവശ്യം നോർത്ത് ഈസ്റ്റിലെ ഡാർജിലിങ്ങ് – ഗാങ്ങ് ടോക് ഹിൽ സ്റ്റേഷൻ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. പതിനെട്ട് വർഷം ഒരു കുടുംബത്തെ പോലെ കഴിഞ്ഞ നമ്മുടെ പ്ലസ് ടു വിഭാഗം കുടുംബാംഗങ്ങളുടെ സ്വപ്ന ഹിമാലയൻ യാത്രയിലേക്കുള്ള പ്രയാണം…
എട്ടോളം എയർ പോർട്ടുകളിൽ കയറി ഇറങ്ങിയുള്ള ഒരു യാത്രയായി അപ്രതീക്ഷിതമായി മാറിയതിനാൽ പലർക്കും വിമാനയാത്ര കൊതി തീരും വരെ ആസ്വാദിക്കാൻ സഹായകമായി.കൊച്ചി ,തെലുങ്കാനയിലെ ഹൈദരാബാദ്, മഹാരാഷ്ട്രയിലെ ബോംബെ ,ആസാമിലെ ഗുഹാവത്തി, സിക്കിമിലെ ബാഗ്ദോഗ്ര, ബംഗാളിലെ കൽക്കത്ത, ചെന്നൈ ,കോഴിക്കോട് എന്നീ എയർപോർട്ടുകൾ ആണവ. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് കണക്ഷൻ ഫ്ളൈറ്റുകൾ പല എയർപോർട്ടുകളിലേക്കും മാറി മാറി പറന്നതിനാലായിരുന്നു ഇത്.സിക്കിമിലേക്ക് എത്താൻ നേരിട്ട് Non stop ഫ്ളൈറ്റും ഇല്ലായിരുന്നു…
യാത്രയുടെ തുടക്കം
കൊച്ചിയിൽ നിന്നായിരുന്നു, പ്ലസ് ടു പരീക്ഷയുടെ സൂപ്പർ വിഷൻ കഴിഞ്ഞ ഉടനെ നമ്മൾ കൊച്ചിയിൽ നിന്നും flight കയറി. 4 take off ഉം 4 landing ഉം കഴിഞ്ഞ് വടക്കൻ ബംഗാളിലെ സിലിഗുരി ജില്ലയിലെ ബഗ്ദോഗ്ര എയർപോർട്ടിൽ ഒന്നാം ദിവസം രാവിലെ 11 മണിക്ക് എത്തി ച്ചേർന്നു.
സമുദ്രനിരപ്പിൽ നിന്നും ആറായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ് എന്ന ബംഗാളിലെ മനോഹരമായ Hill Station ലക്ഷ്യമാക്കി നമ്മൾ കുന്നുകളും മലകളും താണ്ടി രണ്ട് ഇന്നോവ വണ്ടി കളിലായി മലകയറി .മൂന്ന് മണിക്കുർ കൊണ്ട് എത്തിച്ചേരാൻ കഴിയും എന്ന് വിലപേശി കൂട്ടിയ കാറിലെ ഡ്രൈവർ ഉറപ്പ് നൽകി. ഊട്ടിയിലെ നീലഗിരി കൂനൂർ ട്രെയിൻ പോലെ ഇവിടേക്കും ടോയ് ട്രെയിൻ (പുഷ് പുൾ ട്രെയിൻ)ഉണ്ടായിരുന്നു. ഏഴ് മണിക്കൂർ വേണം ഈ യാത്രയ്ക്ക് എന്നത് കൊണ്ട് തന്നെ ആ മോഹം പാടെ ഉപേക്ഷിച്ചു.ബ്രഹ്മപുത്ര നദിയോരത്ത് കൂടി യാത്ര ചെയ്ത് ചെങ്കുത്തായ മലഞ്ചെരുവിലൂടെ മുകളിലേക്ക് സഞ്ചരിച്ചപ്പോൾ പല വളവുകളും നെഞ്ചിടിപ്പോടെയാണ് ഞങ്ങൾ ആസ്വദിച്ചത്. ഉയരങ്ങളിലേക്ക് ചെല്ലും തോറും തണുപ്പ് കൂടി കൂടി വന്നു കൊണ്ടിരുന്നു. സെറ്ററും മറ്റും ഇതിനിടയിൽ നമ്മൾ ധരിച്ചിരുന്നു.
ആസ്വാദനത്തിന് അതിരുകളില്ല എന്ന് വിളിച്ചോതിക്കുന്ന മനോഹരമായ ദൃശ്യവിരുന്നുകൾ പ്രകൃതി നമുക്ക് വേണ്ടി തുറന്ന് കാണിച്ച് കൊണ്ടേയിരു ന്നു. ഇടക്ക് ഇടക്ക് ദ്വേഷ്യം പിടിച്ച് കൊണ്ട് മൂടൽ മഞ്ഞ് ദൃശ്യവിരുന്നിന് മുന്നിൽ തടസ്സം സൃഷ്ടിച്ചുവെങ്കിലും യാത്ര നൽകിയ സുഖം ഇതിലും അവർണനീയമാണ്.
ഡാർജിലിങ്ങിലെ ബുദ്ധ മൊണാസ്ട്രിയും വാർ മെമ്മോറിയൽ പ്ളോട്ടും റോക്ക് climbing ഉം ഒക്കെ കണ്ടും ആസ്വദിച്ചും സമയം ആറു മണിയോടടുത്തിരുന്നത് അറിഞ്ഞതേയില്ല..കൂടെ ഉണ്ടായിരുന്ന കാർ ഡ്രൈവറോട് സംസാരിച്ചപ്പോൾ ഗൂർഖ കൾക്കായുള്ള പ്രാദേശിക വാദത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ബംഗാളിലെ രാഷ്ട്രിയവും ചോദിച്ചറിയാൻ ഇതിനിടെ നമ്മൾ സമയം കണ്ടെത്തി.സംസാരിച്ചു കൊണ്ടെയിരിക്കുമ്പോൾ ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഡ്രൈവറോട് സംസാരിക്കാൻ അറിയാവുന്ന വാക്കുകൾ ചേർത്തുകൊണ്ടുള്ള വാചക രൂപീകരണത്തിന് ശ്രമിക്കുന്ന പലരുടെയും മുഖഭാവം നമ്മളിൽ ചിരി പടർത്തി.
ദീർഘ യാത്രയും തണുപ്പും നമ്മളിൽ വിശ്രമ സ്ഥലത്തെത്താൻ വല്ലാതെ മോഹിപ്പിച്ചു.ശംസുദ്ധീൻ സാറായിരുന്നു സകലകലാ അഭ്യാസി. നിരന്തരമായി ഇന്ത്യയിലും വിദേശത്തും പല സ്ഥലങ്ങളിലും കറങ്ങി ഇത്രയും അനുഭവസ്ഥനായ ഒരു മനുഷ്യനെ വേറെ കണ്ടെത്താൻ കഴിയില്ല തന്നെ. നമുക്ക് താങ്ങും തണലുമായി നിറഞ്ഞ് നിന്നതും മറ്റാരുമല്ല.
വിലപേശി ഉറപ്പിച്ച ഹോട്ടൽ മുറിയിലേക്ക് ശംസുദ്ധീൻ സാറോടൊപ്പം പടികൾ ഇറങ്ങുമ്പോൾ അണ്ടർ ഗ്രൗണ്ട് റൂമുകൾ ആണെന്ന് കരുതി എങ്കിലും മറ്റേ വശം അഗാധമായ ഗർത്തമാ യിരുന്നു. കുന്നിൽ ചെരിവിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ഹോട്ടൽ .ഇത് മാത്രമല്ല കുത്തനെയുള്ള കയറ്റവും ഇറക്കവും ഉള്ള ചെറുറോഡുകൾ, അഭ്യാസികളായ ഡ്രൈവർമാർ, കുന്നുകളെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വാണിജ്യ സമുച്ചയങ്ങൾ, ഹോട്ടലുകൾ ,മണിമാളികകൾ ,രാത്രിയെ പകലാക്കുന്ന തെരുവുകൾ, കൊടും തണുപ്പ് എല്ലാം എല്ലാം നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ തന്നെ..
എല്ലാവരും കുളി കഴിഞ്ഞ് ഭക്ഷണത്തിനായി റസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി…
രസകരമായ ഈ അനുഭവം അടുത്ത കുറിപ്പിൽ
7Author Profile

- HSST Chemistry, Seethi Sahib HSS, Talipparamba
Latest entries
Travelogue2019.04.04പേടിപ്പെടുത്തുന്ന റോപ്പ് വേ ഗൊണ്ടോലയും കാഞ്ചൻ ഗംഗയും
Travelogue2019.04.03സിക്കിമിലെ ഗാങ്ങ് ടോക്കും മോമോസും
Travelogue2019.04.02ബർഗറും സുന്ദരികളും
Travelogue2019.04.01സ്വപ്ന യാത്ര- നാഥുലപാസ് വരെ