‘പെർഫെക്ഷൻ ആൻഡ് ഡെഡിക്കേഷൻ’
സംസ്ഥാന അധ്യാപക അവാർഡ് നേടി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും തളിപ്പറമ്പ് ദേശത്തിൻ്റെ തന്നെയും അഭിമാനമായി മാറിയ ഫിറോസ് മാസ്റ്ററുമായി ആയിഷയും, ദേവികയും നടത്തിയ ഹ്രസ്വ സംഭാഷണം.
[] സീതി സാഹിബിൻ്റെ ഭാഗമായതിനു ശേഷമുള്ള താങ്കളുടെ അനുഭവങ്ങൾ എന്തൊക്കെയാണ്?
- ഓഗസ്ററ് മാസം രണ്ടായിരത്തിലാണ് ഞാൻ സീതി സാഹിബ് ഹയർ സെക്കൻ്റെറി സ്കൂളിൽ ഔദ്യോഗികമായി അദ്ധ്യാപക ജോലി ആരംഭിച്ചത്. സകൂളിൽ എത്തിയതിനു ശേഷം നല്ല രീതിയിൽ രസതന്ത്രം കുട്ടികളെ പഠിപ്പിക്കാൻ കഴിയുമെന്ന് മനസ്സിലാക്കി , എന്നിലെ അധ്യാപകനെ തിരിച്ചറിയാൻ കഴിഞ്ഞു. ആ കഴിവ് സ്കൂളിൻ്റെ ‘മികവിലേക്ക്’ എന്ന ആശയത്തിന് ബലമേകി. ക്ലാസ്സ് എടുക്കൽ മാത്രമല്ല അത് കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുക എന്നത് ഞാൻ ശീലമാക്കി. എല്ലാ അക്കാഡമിക് പ്രവർത്തനങ്ങൾക്കും കൂട്ടു നിൽക്കാൻ അദ്ധ്യാപകരും ഉണ്ടായിരുന്നു. നല്ല രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾ നമ്മെ അംഗീകരിക്കുമെന്ന് തിരിച്ചറിവ് ഉണ്ടായി. ഒരു വേള ശാസിച്ചാൽ പോലും കുട്ടികളുടെ പഠനത്തിനും നന്മയ്ക്കുമാണെങ്കിൽ, അവർ അത് അംഗീകരിക്കും എന്ന് മനസിലാക്കാൻ കഴിഞ്ഞു.
വിവിധ പ്രവർത്തനങ്ങൾ ചിട്ടയായി ചെയ്യാനും അത് പൂർണതയിൽ എത്തിക്കാനും എനിക്ക് സാധിച്ചു. ‘പെർഫെക്ഷൻ ആൻഡ് ഡെഡിക്കേഷൻ’ ഇത് ഞാനെൻ്റെ ജീവിത ശൈലിയാക്കി മാറ്റി. മാത്രമല്ല കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള കഴിവ് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എന്നെ ഒരുപാടു സഹായിച്ചു. കുട്ടികൾ നൽകുന്ന വിജയശതമാനവും A പ്ലസ്സുകളുടെ എണ്ണവും സീതി സാഹിബ് ഹയർ സെക്കൻ്റെ സ്കൂൾ നല്ല പ്ലസ് ടു വിഭാഗം ആണ് എന്ന ഖ്യാതിക്കിടയാക്കി. അത്കൊണ്ട് തന്നെ ഈ സ്കൂളിൽ എൻ്റെ കുട്ടികളോടൊപ്പം എൻ്റെ സഹപ്രവർത്തകരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഒരുപാടു നല്ല അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്.
[]ഒരുപാട് ഉദാഹരണങ്ങൾ വെച്ച് ക്ലാസ് എടുക്കുന്ന ഒരു അധ്യാപകനാണെന്ന് മറ്റു വിദ്യാർത്ഥികൾ പറഞ്ഞ് അറിഞ്ഞിട്ടുണ്ട് .അങ്ങനെയൊരു അധ്യാപന രീതി കുട്ടികൾക്ക് എങ്ങിനെയാണ് സഹായകരമാവുക?
- കുട്ടികളെ സാധാരണ എല്ലാവരും പഠിപ്പിക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി പഠിപ്പിക്കുക എന്നുള്ളതായിരുന്നു എൻ്റെ ഒരാഗ്രഹം. പ്രത്യേകിച്ച് കെമിസ്ട്രിയിൽ രാസവാക്യം ഉള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് പഠിക്കാൻ വളരെ താല്പര്യം കുറഞ്ഞ ഒരു വിഷയം കൂടിയാണ് .അപ്പോൾ എങ്ങിനെ കുട്ടികളെ നന്നായിട്ട് പഠിപ്പിക്കാമെന്നു ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. കുട്ടികളോട് പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ച് കൊണ്ടും നമ്മുടെ ചുറ്റുപാടും കാണുന്ന കാഴ്ചകൾ വെച്ചു കൊണ്ടുള്ള ഉദാഹരണം ഉപയോഗിച്ച് കൊണ്ടും എടുക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല രീതിയിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ കഴിയും. അത് കൊണ്ട് തന്നെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുമ്പോഴും ഞാനെപ്പോഴും അതിനു സമാനമായി ജീവിതത്തിൽ നിന്നും എന്തെങ്കിലും ഉദാഹരണം ഉണ്ടോ എന്ന് ആലോചിക്കാറുണ്ട്.
[] ഇങ്ങിനെ ഒരു അവാർഡിന് വേണ്ടി തിരഞ്ഞെടുക്കപ്പെടാൻ, അതിനു പുറകിൽ ഒരുപാടു അധ്വാനിക്കേണ്ടി വന്നിട്ടുണ്ടോ ?
- അവാർഡിനു വേണ്ടി ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമില്ല. പക്ഷെ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വളരെ കൃത്യമായി ചെയ്തത് കൊണ്ടുള്ള ഒരു നേട്ടമായിട്ടാണ് ഇതിനെ കാണുന്നത്. ഒന്ന് എൻ്റെ അക്കാദമിക രംഗമാണ്. എന്ത് തിരക്കുണ്ടായാൽ പോലും സമയ ബന്ധിതമായി എൻ്റെ പാഠ ഭാഗങ്ങൾ കൃത്യമായി തീർക്കാറുണ്ട്. എനിക്കുള്ള ഒരു ദിവസത്തെ പിരീഡ് നാല് പിരീഡാണെങ്കിൽ ആ നാലു പിരീഡും എടുത്തിട്ട് മാത്രമേ മറ്റു പ്രവർത്തനങ്ങളിൽ ഞാൻ ഇറങ്ങാറുള്ളു. എനിക്ക് മറ്റെന്ത് ഡ്യൂട്ടി കിട്ടിക്കഴിഞ്ഞാലും എൻ്റെ പ്രാഥമിക ഡ്യൂട്ടി ക്ലാസ്സിൽ പഠിപ്പിക്കുക എന്നുള്ളതാണ് . അതോടൊപ്പം എനിക്ക് ദൈവ സഹായത്താൽ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞു . രണ്ടു നിർധനരായ കുട്ടികൾക്ക് വീട് നിർമിച്ചതുൾപ്പടെ ഒരു പാട് സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയ മൂന്നു വർഷം അഞ്ഞൂറോളം മണിക്കൂറുകൾ പൊതു പ്രവർത്തനത്തിന് മാറ്റി വെച്ചിരുന്നു. ഇതിൽ സംസ്ഥാന തലത്തിലെ അവാർഡും ലഭിച്ചിച്ചിരുന്നു. സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ആ കാര്യങ്ങളൊക്കെ അതിനൊരു ഫലപ്രാപ്തി ഉണ്ടാകുമെന്നുള്ള ലക്ഷ്യത്തോടെയായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾ തന്നെയാണ് ഈ അവാർഡിന് അർഹനാക്കി തീർത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു.
[] ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ നിന്ന് താങ്കൾ മാറ്റാൻ ശ്രമിക്കുന്നതും താങ്കൾക്ക് മാറ്റണം എന്ന് തോന്നുന്നതുമായ കാര്യങ്ങൾ എന്താണ് ?
- എളുപ്പത്തിൽ എങ്ങനെ മാർക്ക് നേടാം എന്ന പ്രവണത ഇന്നത്തെ വിദ്യാർത്ഥികളിൽ കൂടി വരുന്നുണ്ട്. കഷ്ട്ടപ്പെട്ടു ഇരുന്നു പഠിക്കുന്ന കുട്ടികൾ വളരെ കുറഞ്ഞു വരുന്നു. പഠിച്ചില്ലെങ്കിലും ജയിക്കും എന്ന രീതി കുട്ടികളെ പഠനത്തിൽ നിന്നും പുറകോട്ടു നയിച്ചിരിക്കുന്നു. ഗ്രേസ് മാർക്കിന് വേണ്ടി മാത്രം സ്കൗട്ട്, ഗൈഡ്സ്, എൻ എസ് എസ് തുടങ്ങിയ സംഘടനകളിൽ അംഗമാവുന്ന ഒരു പ്രവണത ഉണ്ട്. ഈ രീതികളൊക്കെ മാറണം.
[] ക്ലാസ് റൂമിൽ ധാരാളം ചട്ടങ്ങൾ പാലിക്കുന്ന അധ്യാപകനാണല്ലോ താങ്കൾ ,താങ്കളുടെ ഈ രീതികൾ വിദ്യാർത്ഥികളിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ?
- ക്ലാസ് റൂം വൃത്തിയാണ് ഞാൻ ഏറ്റവും ആദ്യം നൽകുന്ന പരിഗണന വിഷയം. ഓരോരുത്തരും ഇരിക്കുന്ന സ്ഥലവും ചുറ്റുപാടും ശുചിയായിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്. അത് പോലെ ഡെസ്ക് ബെഞ്ച് ഇവയുടെ ക്രമീകരണം വളരെ പ്രാധാന്യത്തോടെ ശ്രദ്ധിക്കുന്നു. കുട്ടികളെ നല്ല ചട്ടങ്ങൾ പഠിപ്പിക്കാതെ വളർത്തുന്നത് അവരെ അലസരാക്കി മാറ്റുന്നു എന്നത് എന്നിൽ ആശങ്ക ഉണർത്താറുണ്ട്. വൈകി വരുന്ന കുട്ടികൾ എന്തെ വൈകുന്നു എന്ന് അന്വേഷിക്കാറില്ല. കാരണം ഓരോരുത്തർക്കും ഇതിനു കാരണങ്ങൾ ഉണ്ടാവും. കാരണങ്ങളെ കാര്യമാക്കി എടുക്കുവാൻ നിന്നാൽ ഒരു മോർണിംഗ് ക്ലാസും നടക്കില്ല തന്നെ. ഇത്തരം കാര്യങ്ങളിൽ ഞാൻ കാണിക്കുന്ന നിർബന്ധ ബുദ്ധി എഴുപതു ശതമാനത്തോളം കുട്ടികൾ ഉൾക്കൊള്ളുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എല്ലാവർക്കും വിഷമമാകും എന്ന ചിന്ത നമ്മളിൽ വന്നാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റാത്ത മനുഷ്യനാക്കി മറ്റും. സംശയമില്ല.
[] പഠിക്കുമ്പോൾ എന്താവാനാണ് ആഗ്രഹിച്ചത് ?
- ഞാൻ തീർച്ചയായും അധ്യാപകനാവാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനൊരു എഞ്ചിനീയർ ആവാനായിരുന്നു ആഗ്രഹിച്ചത്. കൺസ്ട്രക്ഷൻ മേഖലയിൽ നല്ലൊരു അഭിരുചി എനിക്കുണ്ടായിരുന്നു. ഏതായാലും ഈ അഭിരുചി സീതി സാഹിബ് സ്കൂളിന്റെ പ്ലസ് ടു ബിൽഡിംഗ് ഡിസൈനിങ്ങിലും എൻ്റെ സുഹൃത്തുക്കളുടെ വീട് നിർമാണത്തിലും ഉപയോഗിച്ചിട്ടുണ്ട്.
[] അധ്യാപനമല്ലാതെ താൽപര്യമുള്ള മറ്റു മേഖലകൾ ഏതെല്ലാമാണ്?
- പൂന്തോട്ട നിർമാണം, വീട് നിർമാണം, ഇന്റീരിയർ ഡിസൈനിങ്, കാരുണ്യ പ്രവർത്തനം എന്നിവ
[] ഒരു അധ്യാപകനെന്ന നിലയിൽ താങ്കളുടെ കരുത്തായി തോന്നിയത് എന്താണ്?
- കാര്യങ്ങൾ വ്യക്തമായി പറയാനും അവതരിപ്പിക്കാനും അത് സാധ്യമാക്കിയെടുക്കാനും ദൈവ സഹായത്താൽ എനിക്ക് സാധ്യമാകുന്നു. അതുപോലെ കുട്ടികളെ പിടിച്ചിരുത്താനുള്ള ഘന ഗംഭീരമായ ശബ്ദത്തിനുടമയുമാണ് എന്ന് സഹ പ്രവർത്തകർ പറയാറുണ്ട്. ഒരു നോട്ടത്തിലൂടെ കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നു. പിന്നെ ഇവിടെ എത്തിച്ചേരുന്ന എല്ലാ കുട്ടികളും പൊതുവെ അച്ചടക്കമുള്ളവരും അക്കാദമിക നിലവാരം ഉള്ളവരും ആണ്.
[] ഈ അവാർഡ് ആർക്കെങ്കിലും സമർപ്പിക്കുന്നുണ്ടോ ?
- ഈ നേട്ടങ്ങളൊക്കെ സീതി തന്ന സൗഭാഗ്യങ്ങളാണ്. സ്കൂളിൻ്റെ മാനേജ്മെന്റും പി ടി എ യും, അദ്ധ്യാപകരും, കുട്ടികളും, നാട്ടുകാരും എല്ലാവരും നൽകിയ സ്നേഹോപഹാരം. ഒരു പാട് നന്ദി. എന്നെ നേർവഴിയിലേക്ക് നയിച്ച എൻ്റെ പിതാവ് അബ്ദുല്ല മാസ്റ്റർക്കും മാതാവ് ലത്തീഫ ടീച്ചർക്കും കൂടി ഈ അവാർഡ് സമർപ്പിക്കുന്നു.
[]കുടുംബത്തെപ്പറ്റി പറയാമോ?
- ഭാര്യ മുനീറ, സർ സയ്ദ് ഹയർ സെക്കൻ്റെറി സ്കൂൾ പ്ലസ് ടുവിൽ മാത്സ് അദ്ധ്യാപികയാണ്. രണ്ട് മക്കൾ. ഫിദ എട്ടാം ക്ലാസ് വിദ്യർത്ഥിനി, ഫിദിൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി.
Author Profile

- My self Aysha.coming from pulimparamba.
Latest entries
News2020.01.01‘പെർഫെക്ഷൻ ആൻഡ് ഡെഡിക്കേഷൻ’