ഭിന്നശേഷി ദിനം ആചരിച്ചു
സീതി സാഹിബ് എൻ എസ് എസ് യൂണിറ്റും പ്രോഗ്രസ്സ് ക്രിയേറ്റിവ് കിഡ്ഡും സംയുക്തമായി ഡിസംബർ 3 നു അന്താരാഷ്ട്ര ഭിന്നശേഷി ദിനം തീർത്തും വ്യത്യസ്തമായ രീതിയിൽ ആചരിച്ചു. സമൂഹത്തിൻ്റെ കണ്ണുകളിൽ വൈകല്യമുള്ളവരെന്നു കരുതി മാറ്റിനിർത്തപ്പെടുന്ന ഇവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നത് ഇങ്ങനെയുള്ള ദിനാചരണങ്ങളിലൂടെയാണ്. മഹത്തരമായ ഈ പരിപാടിയുടെ സ്വാഗത പ്രസംഗം നടത്തിയത് ക്രിയേറ്റിവ് കിഡിൻ്റെ മുഖ്യ ഓർഗനയ്സർ ആയ ഷഫീഖ് ആയിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് തളിപ്പറമ്പ മുൻസിപ്പാലിറ്റി ചെയർമാൻ അള്ളാംകുളം മഹമൂദ് ആണ്. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം. കാസിം അദ്ധ്യക്ഷത വഹിച്ചു.
പ്രത്യേക ദിനത്തിന് യോജിച്ച സന്ദേശം നൽകിയത് അബ്ദുൽ ലത്തീഫ് നരണിപ്പുഴ ആണ്. ഭിന്നശേഷി സമൂഹത്തിൻ്റെ പ്രതിനിധികളായി മൻസൂർ, ജിഷ, റോഷ്ന എന്നിവർ സംസാരിച്ചു. പരിമിതികളെ മറന്നു നൃത്തചുവടുകളിലൂടെ കാണികളെ ആവേശഭരിതരാക്കാൻ ശിശ്നാ ആനന്ദിന് കഴിഞ്ഞു. തൻ്റെ പരിമിതികളിൽ തോൽവി സമ്മതിക്കാതെ തൻ്റെ ഉള്ളിലെ പോരാളിയെ പുറത്തുകൊണ്ടുവന്ന മൻസൂർ , മറ്റുള്ളവരുടെ മികവുകളെയും അവരിലെ പോരാളിയെയും പുറത്തുകൊണ്ടുവരാൻ മൂർച്ചയേറിയ തൻ്റെ വാക്കുകൾ കൊണ്ട് എല്ലാവരെയും പ്രചോദിപ്പിച്ച് മാതൃകയായി.
അനന്യയും റിദയും സദസ്സിനെ സംഗീത സാന്ദ്രമാക്കി കാണികളെ കയ്യിലെടുത്തു. പ്രച്ഛന്നവേഷത്തിൽ എത്തിയ ലക്ഷ്മിനന്ദ സദസ്സിനെ അമ്പരപ്പിച്ചു. ഹെഡ് മാസ്റ്റർ പി. വി. ഫസലുള്ള, പി. ടി. എ പ്രസിഡണ്ട് താജുദ്ധീൻ, പ്രോഗ്രാം ഓഫീസർ ശംസുദ്ധീൻ പി. കെ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് കൂട്ടായ്മ അംഗവും ചിത്രകാരിയുമായ ജിഷയുടെ ചിത്രങ്ങളുടെ പ്രദർശനം നടന്നു. പ്രദർശനം പ്രിൻസിപ്പാൾ എം. കാസിം ഉദ്ഘാടനം ചെയ്തു. ചക്രകസേരയിൽ തൻ്റെ ലോകത്തെ ഒതുക്കാതെ ചായങ്ങളാൽ തനിക്ക് സാന്ത്വനമാകുന്ന മറ്റൊരു ലോകം സൃഷ്ടിക്കുകയാണ് ജിഷ .തൻ്റെ ചായക്കൂട്ടിലൂടെ തൻ്റെ മനസ്സിലെ ചിത്രങ്ങളെ പകർത്തിയാണ് സ്കൂളിലൊരു പ്രദർശന വേദിയൊരുക്കിയത്.
പരിമിതികളെ മാത്രം ചൂണ്ടിക്കാട്ടുന്ന ഈ ലോകത് യാതൊരുവിധ പരിമിതികളും തങ്ങളെ ബാധിക്കില്ല എന്ന് തെളിയിച്ച കൂട്ടായ്മ വിദ്യാർത്ഥികളെ ആഴത്തിൽ പ്രചോദിപ്പിച്ചു.
0