സർഗാത്മക വിദ്യാഭ്യാസ വീഥിയിലൂടെ മുന്നേറാം.

വിജ്ഞാനം നിർമ്മിക്കലാണ് വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വിദഗ്ധനായ വൈഗോട്സ്കി പറഞ്ഞ് വച്ചിട്ടുണ്ട്. പൊള്ളയായ അനുകരണത്തിനു പകരം തന്റേതായ സൃഷ്ടി നടത്തുന്ന തലത്തിലേക്കുള്ള ഒരു പ്രയാണം ആയിരിക്കണം വിദ്യാഭ്യാസം. എങ്കിൽ മാത്രമേ പഠിതാവിന് അത് ആസ്വാദ്യകരവും ഉപയോഗപ്രദവും ആയിത്തീരുകയുള്ളു. നമ്മുടെ ചുറ്റുവട്ടത്തെ മാനുഷിക പഠന സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായ ജേണലിസം ബാച്ച് സർഗാത്മകതയുടെ തലം മാത്രം സ്പർശിക്കുന്ന വ്യത്യസ്തമായ ഒരു പാഠ്യപദ്ധതിയാണ്. തികച്ചും വ്യത്യസ്തമായ ഈ രീതിയിലൂടെ സഞ്ചരിക്കുന്ന അനുഭവവേദ്യമാകുന്ന ആഹ്ലാദവും കുട്ടികൾക്ക് വേറിട്ട അനുഭവമായി തീരുന്നു.

ജീവിതം പോലെ പഠനവും അതിന്റെ ഓരോ അണുവിലും ആസ്വാദ്യകരമായിരിക്കണം. ചെറിയൊരു കാലയളവിലെ നമ്മുടെ ജീവിതം തികച്ചും സന്തോഷകരമായി മാറുമ്പോഴാണ് ജീവിതം സഫലമായിത്തീരുന്നത്. നമ്മുടെ ചുറ്റുവട്ടത്തുള്ള ഓരോ പുൽക്കൊടിയിലും നമുക്ക് സന്തോഷം തരാൻ ആവശ്യമായ അളവിൽ ഭംഗിയും ചൈതന്യവും ഹോജ രാജാവായ തമ്പുരാൻ പകർന്നു തന്നിട്ടുണ്ട്. കാറ്റിന്റെ സംഗീതവും സൂര്യ വെളിച്ചതിന്റെ തെളിമയും എത്ര മാത്രം അനുഭവ സൗരഭ്യമാണ് നമുക്ക് പകർന്നു തരുന്നത്. ഒരു പൂവിന് ഒരു നിറമെങ്കിലും, ദൃശ്യമാകാത്ത ഒരുപാട് നിറങ്ങൾ അതിൽ അന്തർലീനമായി കിടക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ നാമോരോരുത്തരും അതിനെ വ്യത്യസ്തമായി കാണുന്നതും ആസ്വദിക്കുന്നതും. പ്രഭാതവും സന്ധ്യയും ഒന്നേയുള്ളു എന്നാൽ അവയെ നോക്കിക്കണ്ട അനേകം മനുഷ്യർ അവയെ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായാണ് അവരുടെയുള്ളിൽ കൊണ്ടുനടക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസവും മേൽ സൂചിപ്പിച്ചതുപോലെ ആയിത്തീരുമ്പോഴേ വിരസമായ ക്ലാസ് മുറിയിൽനിന്നും ആവർത്തനങ്ങളിൽ നിന്നും അത് മോചിക്കപ്പെടുന്നുള്ളു. ഓരോ കുട്ടിയും അവനവന്റെ കണ്ണ് കൊണ്ട് കാണുകയും കാത് കൊണ്ട് കേൾക്കുകയും ചെയ്യുന്നതാണ് ക്രിയാത്മക വിദ്യാഭ്യാസം. അതിന് നമ്മുടെ പാഠപുസ്തകങ്ങളെ നമ്മുടെ പഠന നിർമിതിയിലേക്കുള്ള ചവിട്ടുപടിയായി കണ്ടു കൊണ്ട് നമ്മുടേതായ ആശയങ്ങളുടെ ഉയരങ്ങളിലേക്ക് പറന്നെത്താൻ നമുക്ക് കഴിയണം. വെളിച്ചം നമ്മുടെ മനസിനെ പ്രകാശിപ്പിക്കുന്നത് പോലെ നമ്മുടെ സർഗാത്മക പ്രവർത്തനങ്ങൾ എന്നും നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കണം. കർമനിരതമായ ഒരു ഭാവി എല്ലാവർക്കും ആശംസിക്കുന്നു .

0

Kasim Mekkuni

Principal, Seethi Sahib HSS Taliparamba

Leave a Reply

Your email address will not be published. Required fields are marked *

3 × four =