ചോക്ക് കഷ്ണങ്ങൾ
ഞങ്ങൾ ഇരട്ട സഹോദരിമാർ വളരെ ഭാഗ്യം ചെയ്തവരാണ്, ചെറുപ്പം മുതൽ കളിച്ചു വളർന്ന സ്കൂളിൽ തന്നെ പഠിക്കാൻ സാധിച്ചവർ. സീതി സാഹിബ് സ്കൂളുമായി ഞങ്ങൾക്ക് വളരെയേറെ ആത്മ ബന്ധമുണ്ട്. പ്ലസ് ടു ബ്ലോക്കിന്റെ പുറക് വശത്ത്, സ്കൂളിന് തൊട്ടടുത്താണ് ഞങ്ങളുടെ വീട്. വീട്ടുമുറ്റത്ത് നിന്ന് നോക്കിയാൽ കാണുന്നത് സ്കൂളും, ജനാലയിലൂടെ ക്ലാസ്സ് മുറികളും കാണാം. വൈകുന്നേരം സ്കൂളിന്റെ ആരവം അടങ്ങിയാൽ ഞങ്ങളുടെ കളിക്കളം സ്കൂൾ ആയിരുന്നു. അക്കാലത്തെ ഞങ്ങളുടെ പ്രധാന വിനോദം ചോക്ക് കഷ്ണങ്ങൾ പെറുക്കലായിരുന്നു.
പ്രീ സ്കൂൾ കാലം മുതൽ ഞങ്ങൾ ഒരേ ക്ലാസ്സിൽ ഒരുമിച്ച് മാത്രമാണ് പോയിട്ടുള്ളത്, സീതിയിൽ പ്ലസ് ടു പഠനം വരെ അത് തുടർന്നു. പരസ്പരം പിരിയാൻ കഴിയുമെന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. പ്ലസ് ടുവിൽ ആദ്യത്തെ അലോട്ട്മെന്റിൽ ഒരാൾക്ക് മാത്രമേ സീതിയിൽ പ്രവേശനം ലഭിച്ചിരുന്നുള്ളൂ. രണ്ടാമത്തെ അലോട്ട്മെന്റിൽ രണ്ടാളും സീതിയിൽ ആകുന്നത് വരെയുള്ള ഏതാനും ദിവസങ്ങൾ ഞങ്ങൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ വയ്യ. അങ്ങനെയുള്ള ഞങ്ങൾ ഇപ്പോൾ രണ്ട് കോളേജുകളിലായി മാറി. ആദ്യമൊക്കെ പൊരുത്തപെടാൻ വളരെ പ്രയാസം ഉണ്ടായിരുന്നു. പിന്നീട് അത് ശീലമായി മാറി. പഠിക്കാൻ വിചാരിച്ച വിഷയം രണ്ടായിരുന്നു, അതുകൊണ്ട് മാത്രമാണ് പിരിയേണ്ടി വന്നത്.
എല്ലാവരെയും പോലെ തന്നെ ഹയർ സെക്കണ്ടറി ജീവിതമാണ് ഞങ്ങളുടെ ഭാവിയിലേക്കുള്ള വഴിത്തിരിവായി മാറിയത്. കഴിഞ്ഞു പോയ രണ്ട് വർഷങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷവും പ്രയാസവും നിറന്നതായിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് മുഖങ്ങൾ ജീവിതത്തിൽ നിന്ന് തന്നെ വിട പറഞ്ഞ് പോയി. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു മുറിവ് ഏൽപ്പിച്ച് കൊണ്ട്. സീതി പഠനകാലത്തെ ഓർക്കുമ്പോഴെല്ലാം ഈ മുറിവിൽ നീറ്റൽ പൊടിയും.
സ്കൂളിൽ നടന്ന എല്ലാ പരിപാടിയിലും H2B ക്ലാസ് നിറഞ്ഞ് നിന്നിരുന്നു. കലോത്സവം ആയാലും, കായികമേളയായാലും, ടീച്ചേഴ്സ്ഡേ ആയാലും. എല്ലാത്തിലും H2B തങ്ങളുടെ വ്യത്യസ്തമായ കയ്യൊപ്പ് ചാർത്തി.
ഹയർ സെക്കണ്ടറി കാലഘട്ടത്തിൽ ഏറെ സന്തോഴിച്ച ദിവസമായിരുന്നു ഫീൽഡ് ട്രിപ്പ്. വയനാട്ടിലെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ മാറ്റൊലിയാണ് ആദ്യം സന്ദർശിച്ചത്. അതിന് ശേഷം ബാണാസുര ഡാമിൽ പോയി സമയം ചിലവഴിച്ചു. കുറെ നല്ല ഓർമ്മകൾ ബാക്കിയായ ദിവസമായിരുന്നു അത്.
ദുഃഖം ഘനീഭവിച്ച നിമിഷങ്ങളിലൂടെയാണ് സെൻഡോഫ് കടന്ന് പോയത്. അനിവാര്യമായ പിരിയലിന് ദുഃഖത്തോടെ നമ്മൾ തയ്യാറെടുക്കുകയായിരുന്നു. കണ്ണീർ മഴയായി മാറിയ ദിനം. അധ്യാപകർ നമ്മുടെ കൂടെ ചിലവഴിച്ച കാര്യങ്ങൾ ഞങ്ങളോട് പങ്കുവെക്കുകയും, പാട്ടുപാടുകയും ചെയ്തു.
വീണ്ടും ഈ മാഗസീനിലേക്ക് എഴുതാൻ സാധിച്ചത് വളരെയേറെ ഭാഗ്യമായാണ് ഞങ്ങൾ കാണുന്നത്. കഴിഞ്ഞ വർഷത്തെ മാഗസിന്റെ എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളായിരുന്നു ഞങ്ങൾ രണ്ട് പേരും. ഈ വർഷത്തെ കോളേജ് മാഗസിന്റെ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആത്മവിശ്വാസം നൽകിയത് സ്കൂൾ മാഗസിന്റെ എഡിറ്ററായിരുന്നപ്പോഴത്തെ അനുഭവങ്ങളാണ്.
1