സ്മാഷുകൾ അടിച്ചുകൂട്ടി സാന്ദ്ര ജോസ്

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ +2 സയൻസ് വിദ്യാർത്ഥിനി സാന്ദ്ര ജോസ്  സംസ്ഥാന തല 19 വയസ്സിനു താഴെയുള്ള  ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി . കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ വർഷത്തെ ചാമ്പ്യൻഷിപ് നടന്നത്. കഴിഞ്ഞ വർഷം 17 വയസ്സിനു താഴെയുള്ള മത്സരത്തിൽ സെമി ഫൈനലിലും, അതിനു മുമ്പത്തെ വർഷം ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴും ബാഡ്മിന്റൺ അസോസിയേഷൻ ടൂർണമെന്റിന്റെ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

ഈ കായിക ഇനത്തിലേക്ക് സാന്ദ്രയെ കൈപിടിച്ച് എത്തിച്ചത് അച്ഛൻ ജോമോൻ ജോസഫാണ് . ഒരിക്കൽ അച്ഛന്റെ കൂടെ ക്ലബ്ബിൽ പോയപ്പോൾ അച്ഛൻ “ബാഡ്മിന്റൺ കളിക്കുന്നോ?”എന്ന് ചോദിച്ചു. ഒരു രസത്തിന് സാന്ദ്ര കളിക്കുകയും ചെയ്തു. പിന്നീടാണ് ഇതിൽ ഭാവിയുണ്ടെന്ന് മനസ്സിലാക്കി ഇതിലേക്ക് ആത്മാർഥമായി തിരിഞ്ഞത്. അച്ഛനാണ് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചത്.

തളിപ്പറമ്പ റീക്രീഷൻ ക്ലബ്ബിൽ വെച്ചാണ് പ്രാക്ടീസ് നടത്താറുള്ളത്. ഏഴാം ക്ലാസ് മുതൽ പ്രാക്ടീസ് മുടക്കം വരാതെ ചിട്ടയോടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കിടമ്പി ശ്രീകാന്താണ് സാന്ദ്രയുടെ ഇഷ്ട താരം.

“എതിരാളിയുടെ പോരായ്മകൾ മനസ്സിലാക്കുക, ദിവസവും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുക, കുടുംബത്തിൽ നിന്നുള്ള പിന്തുണ നേടുക, ഒരു കളിയിൽ തോറ്റാൽ തന്നെ പിന്തിരിയാതിരിക്കുക, തോൽവിയെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ട് തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്നുള്ള തത്വം ഉൾകൊണ്ടുകൊണ്ട് മുന്നേറുക.” സാന്ദ്രയുടെ വിജയ രഹസ്യം ഇതൊക്കെയാണ്.

“പഠനത്തിൽ മാത്രം ഒതുങ്ങി കൂടാതെ കലാകായിക മത്സരങ്ങളിൽ കൂടി പങ്കെടുക്കുക” ഇതാണ് സാന്ദ്രക്ക് വിദ്യാർത്ഥികളോട് പറയാനുള്ളത്.

പാരാമെഡിക്കൽ കോഴ്സിന് ചേർന്ന് പഠിക്കണമെന്നാണ് സാന്ദ്രയുടെ ആഗ്രഹം. പഠനത്തെ ബാധിക്കാത്ത തരത്തിൽ ബാഡ്മിന്റൺ കളി മുന്നോട്ട് കൊണ്ടുപോകണമെന്നും ആഗ്രഹമുണ്ട്.

0

Rislin Abdul Sathar

Seethian

Leave a Reply

Your email address will not be published. Required fields are marked *

nine + seven =