സീതിയിലെ ശക്തിമാൻ
പഠനത്തോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളെയും ഒരേ പ്രാധാന്യത്തോടെ കാണുന്ന, അത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പരിപോഷിപ്പിക്കുന്ന വിദ്യാലയമാണ് സീതി സാഹിബ് എന്നത് നമുക്ക് അറിയാവുന്നതാണ്. സംസ്ഥാന തല ഭാരോദ്വഹന മത്സരത്തിൽ 200 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സീതി സാഹിബിന്റെ അഭിമാനമായി മാറിയ മിദ്ലാജിനും പറയാനുള്ളത് മറ്റൊന്നല്ല. ഈ വിജയവേളയിൽ മിദ്ലാജിന്റെ ചിന്തകൾ സീതിയൻസിനോട് പങ്കവെക്കുന്നു. തയ്യാറാക്കിയത് മുഹമ്മദ് ഫാസിൽ.
മഹത്തായ ഈ നേട്ടത്തെ പറ്റി ചോദിച്ചപ്പോൾ പക്വതയും വിനയവും കലർന്ന സ്വരത്തിൽ മിദ്ലാജ് പറഞ്ഞത് ഇങ്ങനെയാണ്. “എനിക്ക് വളരെ സന്തോഷം തോന്നുന്നു . ഇത് എന്റെ മാത്രം നേട്ടമല്ല , എന്നെ ഇതുവരെ സഹായിച്ച എല്ലാവർക്കും അർഹതപ്പെട്ടതാണ്”.
മിദ്ലാജ് ജനിച്ചത് 2002ൽ ആണ്, എന്നാൽ സ്കൂളിൽ നേരത്തെയായിരുന്നു ചേർത്തത്, അതുകൊണ്ടുതന്നെ മിദ്ലാജിന് സഹപാഠികളേക്കാൾ വയസ്സ് കുറവാണ് . പക്ഷെ മിദ്ലാജിനെ കണ്ടാൽ അങ്ങിനെ തോന്നുകയില്ല.
ഫിറ്റ്നസിന്റെ രഹസ്യം എന്താണ്? മിദ്ലാജിനോട് ഒരുപാടാളുകൾ ചോദിച്ചതും ചോദിക്കാൻ ആഗ്രഹിക്കുന്നതുമായ ചോദ്യമാണ് ഇത്.
“അച്ചടക്കമുള്ള ജീവിത ശൈലിയും കഷ്ടപ്പെട്ട് നടത്തുന്ന വ്യായാമമുറകളും” ഉടനെ വന്നു മറുപടി.
കടുത്ത വ്യായാമ മുറകളിലൂടെ പോഷിപ്പിച്ചെടുത്ത ശരീരമാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. സ്വാഭാവികമായും എന്റെ അടുത്ത ചോദ്യം ഇതായിരുന്നു. “മിദ്ലാജിന്റെ ഒരു ദിവസത്തെ ഹെൽത്തി റൂട്ടിൻ എന്താണ്?”
മിദ്ലാജ് : രാവിലെ അഞ്ചുമണിക് ഞാൻ എഴുന്നേൽക്കും . പിന്നെ ആരാധന കർമ്മങ്ങൾക്ക് ശേഷം വീട്ടിൽ വന്നു നാല് പച്ചമുട്ട കഴിക്കും . പ്രോട്ടീൻ പൗഡറും പലപ്പോഴായി ഉപയോഗിക്കാറുണ്ട് . എന്നിട്ട് സയ്ദ് നഗറിലുള്ള പവർ ജിമ്മിൽ വ്യായാമത്തിന് പോകും . അതിന് ശേഷം തോട്ടിൽ പോയി കുളിക്കും . ക്ലാസ്സിന് ശേഷം പാപ്പിനിശ്ശേരി ബ്രോസ്റ്റഡ് ജിമ്മിലേക് പോകും . നല്ലൊരളവിൽ പവർ ലിഫ്റ്റിങ് , പുഷ് അപ്പ് തുടങ്ങിയവ ചെയ്തതിന് ശേഷം രാത്രി ഒമ്പത് മണിക്ക് ജിമ്മിൽ നിന്ന് ഇറങ്ങും …
ചോദ്യം: അപ്പൊ പഠിത്തം?
മിദ്ലാജ് : ബാക്കി സമയങ്ങളിൽ പഠിക്കും . രാവിലെയും പഠിക്കാറുണ്ട് .
മിദ്ലാജ് ചെയ്യുന്ന മിക്ക കാര്യങ്ങൾക്കും ഫിറ്റ്നസ്സുമായി ബന്ധമുണ്ട്. സൈക്കിൾ സവാരി മിദ്ലാജിന്റെ പ്രധാന ഹോബിയാണ് . കൂട്ടുകാരുമൊത്ത് കളിക്കാറുണ്ട്. നിഷ്ക്രിയമായി ഒരിടത്ത് അടങ്ങിയിരിക്കുക പതിവില്ല. കുറച്ചുകാലം മുൻപ് വരെ ഒരു ഗോദയിൽ ഗുസ്തി പരിശീലനത്തിന് പോകുമായിരുന്നു . അതിന്റെ കൂടെ ബോക്സിങ് പരിശീലനവും ഉണ്ടായിരുന്നു .
ചോദ്യം: ഇതുവരെ എത്ര ജിമ്മുകളിൽ പരിശീലിച്ചിട്ടുണ്ട്?
മിദ്ലാജ് : ആദ്യം തളിപ്പറമ്പിലെ റിക്രിയേഷൻ ക്ലബ്ബിലായിരുന്നു പരിശീലനം . ഇപ്പോൾ സയ്യിദ് നഗറിലെ പവർ ജിമ്മിലാണ് രാവിലെ പരിശീലിക്കുന്നത് . വൈകീട്ട് പാപ്പിനിശ്ശേരി ബ്രോസ്റ്റഡ് ജിമ്മിലോ അല്ലെങ്കിൽ നാട്ടിൽ തന്നെയുള്ള ഒരു ജിമ്മിലോ പരിശീലനം നടത്താറുണ്ട് .
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മിദ്ലാജിന്റെ സാന്നിധ്യം വളരെ അധികം ശ്രദ്ധിക്കപ്പെടാറുണ്ട്. എൻ എസ് എസ് വളണ്ടിയർ എന്ന നിലയിൽ സേവന പ്രവർത്തനങ്ങളിലെല്ലാം മുൻ നിരയിൽ ഉണ്ടാവും. എൻ എസ് എസ് വളണ്ടിയർ എന്ന നിലയിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ലഭിച്ചിട്ടുണ്ട് മിദ്ലാജിന്.
ചോദ്യം: ഈ വിജയത്തിന്റെ നിറവിൽ സഹപാഠികളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണ്?
മിദ്ലാജ് : ‘ഇത് ഒരു തുടക്കം മാത്രം , ഇനിയുമുണ്ട് എത്തിപ്പിടിക്കാൻ’. പിന്നെ സഹപാഠികളോട് എനിക്ക് പറയാനുള്ളത് ആരോഗ്യ സംരക്ഷണം ശരിയായ രീതിയിൽ എല്ലാവരും ചെയ്യേണ്ടതാണ്; അഥവാ ഭക്ഷണം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത് . അനാവശ്യ വസ്തുക്കൾ ഭക്ഷിക്കുകയും അരുത് .
0