‘സായാഹ്ന വിശേഷങ്ങൾ’
സീതി സാഹിബ് സ്കൂളിൽ ‘സായാഹ്ന വിശേഷങ്ങൾ’ എന്ന പേരിൽ തുടങ്ങിയ പരിപാടിയുടെ ഉദ്ഘാടനം സെപ്തംബർ 3, തിങ്കളാഴ്ച വൈകുന്നേരം 4.30ന് പ്രിൻസിപ്പാൾ എം കാസിം സാർ നിർവഹിച്ചു. “വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് സായാഹ്ന വിശേഷങ്ങൾ നൽകുന്നത്” അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ‘സുറുമയിട്ട കൈകൾ’ കാസിം സാർ ആലപിച്ച് തുടങ്ങിയപ്പോൾ വിദ്യാലയം തന്റെ പതിവ് ഭാവഹാദികളിൽ നിന്ന് മാറി സംഗീതത്തെ പുൽകാൻ തയാറായി.
വിരസവും യാന്ത്രികവുമായ പതിവ് പഠനത്തിടയിൽ വിദ്യാർത്ഥികൾക്ക് ‘റീചാർജ്’ ചെയ്യാനുള്ള അവസരം ലഭിക്കണമെന്നുള്ള ചിന്തയിൽ നിന്നാണ് ‘സായാഹ്ന വിശേഷങ്ങ’ളുടെ ജനനം. ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരം പഠനം കഴിഞ്ഞ് ഒരു മണിക്കൂർ നേരം കലാ പ്രകടനത്തിനും ആസ്വാദനത്തിനുമായി നീക്കി വെക്കാനാണ് തീരുമാനം.
സർഗ്ഗ ശേഷിയുടെ പരിപോഷണത്തോടൊപ്പം, പരിപാടി സംഘടിപ്പിക്കാൻ ഓരോ ക്ളാസ്സുകൾക്കും സ്വതന്ത്രമായ അവസരം ലഭ്യമാക്കുന്നതിലൂടെ, വിദ്യാർത്ഥികളുടെ സംഘടനാ ശേഷിയും നേതൃ പാടവവും വർദ്ധിപ്പിക്കാനും സാധിക്കുന്നു.
‘സായാഹ്ന വിശേങ്ങൾ’ ആദ്യ പതിപ്പ് സഘടിപ്പിക്കാൻ അവസരം ലഭിച്ചത് എച്ച്2ബി ക്ളാസ്സിനാണ്. ക്ലാസ്സ് ലീഡർ ഫാത്തിമത്ത് ഹനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളും ഇതിനു വേണ്ടി രംഗത്തിറങ്ങി. മികച്ച രീതിയിൽ കരോക്കെ ഗാന മത്സരം നടത്തി അവർ അത് അവിസ്മരണീയമാക്കുകയും ചെയ്തു. ചടുലമായ അവതരണത്തിലൂടെ നശ്വ അനീസ് കാണികളെ കയ്യിലെടുത്തു. വിവിധ ക്ലാസ്സുകളിൽ നിന്നായി 10 പേർ അന്നത്തെ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി. സ്കൂൾ അങ്കണത്തിൽ തുറന്ന വേദിയിൽ നടന്ന മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
മത്സര ശേഷം മികച്ച പെർഫോർമർ ആരെന്ന ജാസിർ സാറിന്റെ ചോദ്യത്തിന് ‘ആതിര’ എന്നല്ലാതെ മറ്റൊരു ഉത്തരം കാണികളിൽ നിന്ന് ഉയർന്ന് വന്നില്ല.’ഹൈ അപ്നാ ദിൽ തൊ ആവാര’ എന്ന ഹിന്ദി പാട്ടിനൊപ്പം ആതിര താളത്തിൽ ചുവട് വെച്ചപ്പോൾ, കാണികളും മനസ്സിലെ താളം കാലുകളിൽ ആവാഹിച്ച് സീതിയുടെ തിരുമുറ്റത്ത് ഒരുമയുടെ ഓളങ്ങൾ തീർത്തു.
അവസാനം, വിദ്യാർത്ഥികളുടെ നിർബന്ധത്തിനു വഴങ്ങി ജാസിർ സാർ രണ്ടു വരി കവിത പാടി അന്നത്തെ ‘സായാഹ്ന വിശേഷം’ പരിപാടി അനുയോജ്യമായ രീതിയിൽ അവസാനിപ്പിച്ചു.
Author Profile

- I am hanaa....
Latest entries
Write-Up2020.05.03ചോക്ക് കഷ്ണങ്ങൾ
News2019.05.10‘സീതി ജേണൽ 2019’ ന്റെ ഇലക്ട്രോണിക് പതിപ്പ്
News2019.02.25‘സീതി ജേണൽ’ മാഗസിൻ പ്രകാശനം
Editorial2019.02.20എഡിറ്റോറിയൽ
😍😘🔥