മറക്കരുത്; നിങ്ങൾ നിങ്ങളെയും ഞങ്ങളെയും…

ആകാശത്ത് പ്രത്യക്ഷപ്പെട്ട് പെയ്യാതെ പോയ മഴ മേഘങ്ങൾ എത്രയേറെ നാം കണ്ടിട്ടുണ്ട്. അവ പലതവണ മനസ്സിൽ പെയ്തിട്ടുമുണ്ട്; എന്നാൽ പെയ്യാതെയും പോയിട്ടുണ്ട്. മണ്ണിന് സുഗന്ധം പകരുന്ന മനസ്സിന് കുളിർ പകരുന്ന സർഗാത്മകമായ ഭാവങ്ങളായി ഈ മേഘങ്ങളെ സങ്കൽപ്പിച്ചു നോക്കു. പലതവണ പലതും പറയാൻ കൊതിച്ച നിങ്ങളുടെ മനസ്സ് തന്നെയാണ് ആ മേഘങ്ങൾ.

പിന്നെ ആ കുളത്തിലെ താമരപ്പൂ, വേലിക്കരികിലെ മുൾച്ചില്ലയിൽ വിരിഞ്ഞ റോസാപ്പൂ ഇവരൊക്കെ നിങ്ങളോട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. നിങ്ങൾ കേട്ടില്ലായിരിക്കാം. അല്ലെങ്കിൽ ഓർമ്മയുടെ ചെപ്പിൽ സൂക്ഷിച്ചു വെക്കാൻ മറന്നതായിരിയ്ക്കാം. വലിയ ആരവങ്ങൾക്കിടയിൽ നിങ്ങളുടെ ശബ്ദം ആരും കേട്ടിട്ടുണ്ടാവില്ല അല്ലെ? സാരമില്ല ജനക്കൂട്ടത്തിനിടയിൽ നിന്ന് പുറത്തു വരുമ്പോൾ നിങ്ങളുടെ സ്വന്തമായ ഇടത്തിൽ നിന്ന് സ്വന്തം ശബ്ദത്തിൽ ഞാനിവിടെ ഉണ്ടെന്ന് പറഞ്ഞോളൂ…. വ്യത്യസ്തമായ ഒരു ടോൺ, ഒരു ഫീൽ നിങ്ങളുടെ ശബ്ദത്തിൽ ഉണ്ടെങ്കിൽ നിങ്ങളെ കേൾക്കാൻ ഒരുപാട് പേരുണ്ടാവും. പറഞ്ഞു കഴിഞ്ഞ് വീണ്ടും ആ ജനക്കൂട്ടത്തിലേക്ക് തിരിച്ചു പൊയ്ക്കൊള്ളൂ. കാരണം നിങ്ങൾ നിങ്ങളെ കണ്ടെടുത്തത്, ആ മഹാ ആരവങ്ങൾക്കിടയിൽ നിന്നായിരുന്നു.

അറിവ് പൂക്കളാണ്. ചിന്തയുടെ ഭാവനയുടെ തേൻ അവയിൽനിന്ന് ചികഞ്ഞെടുക്കണം. അത് നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും മനസ്സുണ്ടാവണം. അതെവിടെയൊക്കെ മധുരം പകരുന്നുവെന്ന് ചികഞ്ഞ് അന്വേഷിക്കേണ്ട. ആ മധുരം ഒടുവിൽ നിങ്ങളിലേക്ക് തന്നെ തിരിച്ചു വരും.

യാത്രക്കാരന് കാഴ്ചയിലല്ല അനുഭൂതി. ആ കാഴ്ചകൾ അയാളുടെ ഉള്ളിൽ പകർന്ന ആത്മസുന്ദരമായ അനുഭവങ്ങളിലാണ്. ദൈവത്തെ മനസ്സിൽ കൊണ്ട് നടക്കുന്നവനല്ല ദൈവത്തിന്റെ മനസ്സിൽ കയറിയിരിക്കുന്നവനാണ് യഥാർത്ഥ ഭക്തൻ എന്ന ഖലീൽ ജിബ്രാന്റെ മൊഴി ഓർമിക്കുക.

ഡാറ്റയായി രേഖപ്പെടുത്തിയ സീതി ജേർണലിൽ മഷി പുരളുകയാണ്. ക്ലാസ് റൂമിന് പുറത്തു കറുപ്പും വെള്ളയും നിറഞ്ഞ ലോകത്തേക്ക് നിങ്ങളുടെ വരവറിയിക്കുന്നതാകട്ടെ ഓരോ താളുകളും. ഭാഷയും സാഹിത്യവും ദർശനങ്ങളും പച്ചയയായ ജീവിതത്തിന്റെ നേർകാഴ്ചകളും കൊണ്ട് നിറയട്ടെ ഉൾത്താളുകൾ.

കമ്മ്യൂണിറ്റി റേഡിയോ, ടെലിവിഷൻ ചാനലുകൾ, പുസ്തകങ്ങൾ, പത്രങ്ങൾ അങ്ങനെ അനേകം സ്രോതസ്സുകളിൽ നിന്നും നേടിയ ആ അനുഭവങ്ങൾ; കത്തുന്ന വേനലിൽ ഒഴുകിയെത്തുന്ന കാറ്റുപോലെ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ, പടർന്നു പന്തലിച്ച് തണലേകുന്ന സീതി സാഹിബ് എന്ന മഹാ വിദ്യാലയം എല്ലാം നിങ്ങളുടെ ചുറ്റും ഉണ്ട്.

നടന്നോളു… പൂർണ്ണ ആത്മവിശ്വാസത്തോടെ; ലക്‌ഷ്യം അകലെയൊന്നും അല്ല. ലക്ഷ്യത്തിലെത്തുമ്പോൾ ഒന്ന് തിരിച്ചു വിളിക്കണം, നിങ്ങൾ ലക്ഷ്യത്തിലെത്തിയ വിവരമറിഞ്ഞ് ഞങ്ങൾക്ക് ആശ്വസിക്കാൻ, സന്തോഷിക്കാൻ. മറക്കരുത് നിങ്ങൾ നിങ്ങളെയും ഞങ്ങളെയും……

1

Kasim Mekkuni

Principal, Seethi Sahib HSS Taliparamba

Leave a Reply

Your email address will not be published. Required fields are marked *

eighteen + two =