ഫിറോസ്‌ മാസ്റ്റര്‍ക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരം.

തളിപ്പറമ്പ് ക്ലസ്റ്ററിലെ മികച്ച എന്‍ എസ് എസ് യൂനിറ്റിനുള്ള ബഹുമതി സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരസ്ഥമാക്കി. ജൂലൈ മൂന്നാം തിയ്യതി കണ്ണൂര്‍ സെന്റ്‌ തെരേസാസ് സ്കൂളില്‍ വെച്ച്, എന്‍ എസ് എസ് ജില്ലാ ശില്പശാലയോടനുബന്ധിച് നടന്ന ചടങ്ങില്‍, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ വിനയ റോസില്‍ നിന്ന് പ്രോഗ്രാം ഓഫീസര്‍ ഫിറോസ്‌ ടി അബ്ദുള്ള ഉപഹാരം ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയ്ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി.

തളിപ്പറമ്പ് ക്ലസ്റ്ററിലെ പന്ത്രണ്ട് സ്കൂളുകളില്‍ ഒന്നാമതാവാന്‍ ഫിറോസ്‌ മാസ്റ്റര്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികള്‍ സഹായകരമായി.

സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് യൂനിറ്റ് ചെയ്തുവരുന്ന മികച്ച സേവന പദ്ധതികളില്‍ ഒന്നാണ് ‘കാരുണ്യ’. ‘ഫ്രൈഡേ കളക്ഷന്‍’ എന്ന പേരില്‍ വെള്ളിയാഴ്ച തോറും വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന തുക, സ്കൂളിലെ തന്നെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണം, മരുന്ന്, ഫീസ്‌, യൂണിഫോം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സഹജീവി സ്നേഹവും കാരുണ്യവും വളര്‍ത്തിയെടുക്കാന്‍ ‘കാരുണ്യകുടുക്ക’ സഹായകരമാവുന്നുണ്ട്. തങ്ങളുടെ ‘പോക്കറ്റ് മണിയില്‍’ മിച്ചം വെക്കുന്ന തുകയാണ് മിക്കവരും കാരുണ്യ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഫിറോസ്‌ സാറിന്റെ നേതൃത്വത്തില്‍ എന്‍ എസ് എസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ‘രജതഭവനം’. ഒരു സഹപാഠിക്ക് വീട് വെച്ച് കൊടുക്കുകയും, മറ്റൊരു സഹപാഠിയ്ക്ക് ശൌചാലയം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനക്കുള്ള ധനസമാഹരണം നടത്തിയത് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ജോലികളും വളണ്ടിയര്‍മാര്‍ ചെയ്തിരുന്നു.

സ്കൂളില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ ഇരുന്നൂറിലധികം പേര്‍ രക്തം ദാനം ചെയ്യുകയുണ്ടായി, കൂടാതെ എഴുന്നൂറിലധികം പേരുടെ രക്ത ഗ്രൂപ്പും മറ്റു വിവരങ്ങളും അടങ്ങിയ ‘രക്തദാന മെഗാ ഡയരക്ടറി’ ഉണ്ടാക്കി. ഇത് ജില്ലയില്‍ മൂന്നാം സ്ഥാനം കൈവരിച്ച നേട്ടമായിരുന്നു.

ദത്ത് ഗ്രാമമായ ഞാറ്റു വയലിലെ ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂളിലെ ജൈവകൃഷി, പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ, പുഴ ശുചീകരണം, സ്കൂളിലെ നിർധനർക്ക് ഒരു ലക്ഷത്തോളം രൂപയുടെ ധന സഹായം, പാവപ്പെട്ട സ്ത്രീക്ക് റോഡ് നിർമിച്ച് നൽകിയത്, ഞാറ്റുവയൽ കുളം സംരക്ഷണം ഇങ്ങനെ നൂറു പേരടങ്ങുന്ന എന്‍ എസ് എസ് സംഘം ചെയ്തു വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് മാത്രമാണിവിടെ പരാമര്‍ശിച്ചത്.

സീതി സാഹിബ് എന്‍ എസ് എസ്സിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്, യൂണിറ്റിന്റെ വാര്‍ഷിക അവലോകന യോഗത്തില്‍ സംസാരിക്കവേ, നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫിറോസ്‌ മാസ്റ്റരുടെ അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ചിട്ടയായ പ്രവര്‍ത്തനങ്ങളും എന്‍ എസ് എസ് വളണ്ടിയര്‍മാരില്‍ സേവനമനോഭാവം ഉണര്‍ത്തുന്നതിനും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം ഉളവാകുന്നതിനും ഇടയായിട്ടുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഫിറോസ്‌ മാസ്റ്ററെ പി. എ സി (പെര്‍ഫോര്‍മന്‍സ് അസ്സസ്സ്മെന്റ്റ് കമ്മിറ്റി) അംഗമായി തിരഞ്ഞെടുത്തിരുന്നു.
സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം ഏറെ സംതൃപ്തിയോടെയാണ് ഫിറോസ്‌ മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍ക്ക് പ്രോഗ്രാം ഓഫീസര്‍ സ്ഥാനം കൈമാറുന്നത്.

സീതി സാഹിബ് എന്‍ എസ് എസ്സിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്, യൂണിറ്റിന്റെ വാര്‍ഷിക അവലോകന യോഗത്തില്‍ സംസാരിക്കവേ, നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

0

Safrana haneef

Seethian Asapian

Leave a Reply

Your email address will not be published. Required fields are marked *

16 + sixteen =