ത്യാഗ സ്മരണയിൽ ഓഗസ്ത്

ഓഗസ്ത് മാസം നനഞ്ഞ് കുതിർന്ന് തീർന്നപ്പോൾ, സെപ്തംബർ പുലരിയിലെ ഇളം വെയിൽ കാഞ്ഞ് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ വിങ്ങുന്നതെന്താണ്?.

സംഭവബഹുലമായിരുന്നു ഓഗസ്ത് 2018. ഓഗസ്തിനു ത്യാഗം എന്നൊരർത്ഥം കൂടിയുണ്ടോ?

അപരന്നു വേണ്ടി ത്യജിച്ച് തീർത്ത അളവറ്റ ജീവിതങ്ങളുടെ ഓർമ്മ ദിനം ഓഗസ്ത് 15, നമുക്ക് സ്വാതന്ത്ര്യ ദിനം.

വാർദ്ധക്യത്തിന്റെ അവശതയിലും ആശ കൈവെടിയാതെ ചുക്കിച്ചുളിഞ്ഞ കൈകളുയർത്തി അചഞ്ചല വിശ്വാസത്തിലൂന്നിയ നിതാന്ത പ്രാർത്ഥനയിലൂടെ തനിക്കു കരഗതമായ പൊന്നുമോനെ ദൈവിക കല്പന പ്രകാരം ബലിയറുക്കുവാൻ വൈമനസ്യമേതുമില്ലാതെ തയാറായ പ്രവാചകൻ ഇബ്രാഹീമിന്റെ ത്യാഗത്തിന്റെ ഓർമ്മ ദിനം ബലിപെരുന്നാൾ ഇത്തവണ ഓഗസ്തിലായിരുന്നു.

മൂന്നടി മണ്ണ് മാത്രം ദാനം ചോദിച്ച വാമനന് ‘വാക് ദാനം’ നിറവേറ്റാൻ വേണ്ടി മാത്രം തന്റെ അതിരുകളില്ലാത്ത ഭൂമിയും ആകാശവും സർവ്വോപരി സ്വ പ്രജകളെയും ത്യജിച്ച മഹാബലി തമ്പുരാന്റെ ഓർമ്മ ദിനം, ഓണവും ഇത്തവണ ഓഗസ്തിലായിരുന്നു.

ആഘോഷത്തിന് ആകാശം മാത്രം അതിര് വെക്കുന്ന, ആഹ്ളാദിക്കാൻ ഒരു കാരണത്തിന് വേണ്ടി കാത്ത് നിൽക്കുന്ന മലയാളിക്ക് ഉന്മാദത്തിന്റെതാവേണ്ടതായിരുന്നു കഴിഞ്ഞു പോയ ഓഗസ്ത്. പക്ഷേ….

കലണ്ടറിൽ നോക്കൂ…
ഓഗസ്ത് മാസത്തിലെ അക്കങ്ങളൊക്കെ മലവെള്ള പാച്ചിലിൽ ഒലിച്ചു പോയത് കാണുന്നില്ലേ? ക്രമം തെറ്റി, നില തെറ്റി, തല കീഴായി, വക്കുപൊട്ടി, പൊടിഞ്ഞ്, ചെളിയിൽ പുതഞ്ഞ് നിറം മങ്ങിയ കുറേ ദിനങ്ങൾ. അക്കങ്ങൾക്കിടയിൽ ബാക്കിയായ ആഴമേറിയ ചാലുകൾ മലവെള്ളമൊലിച്ചിറങ്ങിയതോ അതോ കണ്ണുനീരൊലിച്ചിറങ്ങിയതോ?

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓഗസ്റ്റ് മാസത്തെ വരവേൽക്കാൻ കേരളീയർ തയ്യാറെടുക്കുമ്പോൾ മഴ ഒപ്പം തന്നെ ഉണ്ടായിരുന്നത് അസ്വാഭാവികമായി ആരും കരുതിയില്ല. തുള്ളിതുള്ളിയായ് വന്ന് പലപ്പോഴും പതുക്കെ കാൽതൊട്ട് യാത്രാമൊഴി ചൊല്ലുന്ന മഴവെള്ളം, ഒരു ദേശത്തെ, ജനതയെ അപ്പാടെ തുടച്ചു മാറ്റുന്ന അതിഭീകര വർഷമായി മാറുമെന്ന് ആരും നിനച്ചതല്ല . വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് പ്രകൃതിയുടെ കലി ഒട്ടും തന്നെ അടങ്ങിയതുമില്ല. മനുഷ്യ നിർമിത ബന്ധനങ്ങളെയൊക്കെ തകർത്തെറിഞ്ഞ് നദികൾ അതിന്റെ പുരാണ വഴികൾ അന്വേഷിച്ച്‌ അലറി കുതിച്ചു പാഞ്ഞു . വീടുകളും ഗ്രാമങ്ങളും വെള്ളത്തിലലിഞ്ഞു തുടങ്ങിയിരുന്നു.

ത്യാഗസ്മരണകളുടെ മാസമായ ഓഗസ്ത് മലയാളി മക്കളുടെ ഉജ്വലമായ ത്യാഗ മുഹൂർത്തങ്ങൾക്ക് സാക്ഷിയാവുന്നതാണ് പിന്നീട് കണ്ടത്. സമാനതകളില്ലാത്ത ദുരന്തം നിസ്സഹായരായി ഏറ്റുവാങ്ങേണ്ടിവന്ന് ചെളിയിൽ പുതഞ്ഞിരിക്കുകയായിരുന്ന ഒരു ജനതയെ ജീവിതത്തിന്റെ ഉപരിതലത്തിലേക്ക് കൈപിടിച്ചുയർത്തിയ കഥ ഓരോ ഓഗസ്ത് മാസവും തലമുറകളോട് അഭിമാനത്തോടെ പറഞ്ഞു കൊടുക്കും. ജാതിയും മതവും സർട്ടിഫിക്കറ്റുകളിലെ കോളങ്ങളിൽ മാത്രം ഒതുങ്ങിയ കാഴ്ച നമുക്ക് ഒട്ടും പരിചയമില്ലാത്തതായിരുന്നുവല്ലോ.

ആഗസ്തിനു ത്യാഗം എന്നൊരർത്ഥം കൂടിയുണ്ടോ?

1

Author Profile

Swaliha Shireen
Be happy

Swaliha Shireen

Be happy

Leave a Reply

Your email address will not be published. Required fields are marked *

fourteen − two =