തക്ഷന്‍കുന്നിന്‍െറ ശില്പിയുമൊത്ത്

തളിപ്പറമ്പ:സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉദ്ഘാ‍ടനം ജൂലൈ 26 വ്യാഴാഴാച്ച മലയാളത്തിന്‍െറ പ്രിയകവി ശ്രീ.യു.കെ കുമാരന്‍ നിര്‍വ‌ഹിച്ചു. തുടര്‍ന്ന് കുട്ടികളുമൊത്തുള്ള അഭിമുഖവും സംഘടിപ്പിച്ചു. ചടങ്ങില്‍ മലയാള അധ്യാപകനായ നവാസ് മന്നന്‍ സ്വാഗതം ആശംസിച്ചു. പ്രധാനധ്യാപകന്‍ ഫസലുള്ള മാസ്റ്റര്‍ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. ്റ്റാഫ് സെക്രട്ടറി കെ.വി.ടി. മുസ്തഫ മാസ്റ്റര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കണ്‍വീനര്‍ ഫൈസല്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിനുശേഷം 10ാംക്ലാസ് വിദ്യാര്‍ത്ഥികളുമൊത്ത് അഭിമുഖം നടത്തി.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

10ാംക്ലാസിലെ പാഠഭാഗമായ ഓരോ വിളിയും കാത്ത് എന്ന യു.കെ.കുമാരന്‍െറ കഥയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കുടുതലും ഉന്നയിച്ചത്. മരിച്ചു പോയ ഭര്‍ത്താവിന്‍െറ വിളിയും കാത്തിരിക്കുന്ന ഒരു വൃദ്ധയുടെ കഥയാണ് ഓരോ വിളിയും കാത്ത് ‘. പരസ്പരം താങ്ങും തണലുമായി കഴി‍ഞ്ഞിരുന്ന അവര്‍ക്ക് തന്‍െറ ഭര്‍ത്താവ് മരണപ്പെട്ടു എന്നത് ഇന്നും അവിശ്വസനീയമാണ്. അത്രമേല്‍ സ്നേഹപൂര്‍ണമായിരുന്നു അവരുടെ ദാമ്പത്യം. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ അമ്മയെ നഗരത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മകന്‍, എന്നാല്‍ തന്‍െറ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മകള്‍ ശേഷിക്കെ മകന്‍െറ തീരുമാനത്തോട് വിയോജിക്കുന്ന അമ്മ,ആ അമ്മയെ തനിച്ചാക്കി പോകാന്‍ മടിക്കുന്ന മകന്‍, ഇതാണ് കഥയുടെ പ്രമേയം.

1.’ഓരോ വിളിയും കാത്ത്എന്ന കവിത എഴുതാനുണ്ടായ കാരണം എന്താണ്? അവ താങ്കളുടെ അനുഭവങ്ങളാണോ?

*യു.കെ.കുമാരന്‍: ഞാന്‍ എപ്പോഴും അനുഭവങ്ങളില്‍ നിന്നു തന്നെയാണ് എഴുതുന്നത്. അതെപ്പോഴും അങ്ങനെത്തന്നെയാണ്. അനുഭവങ്ങളില്‍ നിന്നും മാറി ഞാന്‍ ഒരിക്കലും എഴുതാറില്ല. ഓരോ വിളിയും കാത്ത് എന്ന കവിതയും എന്‍െറ അനുഭവങ്ങളില്‍ നിന്നും ഉയിര്‍ത്തതുതന്നെയാണ്. ഏതൊരു കഥയ്ക്കും യാഥാര്‍ത്ഥ്യത്തിന്‍െറ തലമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ സുഖകരവും ദുഷ്കരവുമായ അനുഭവങ്ങള്‍ തന്നെയാണ് എല്ലാ എഴുത്തുകാരും തങ്ങളുടെ രചനകളില്‍ ഉള്‍പ്പെ‍ടുത്തുന്നത്.

2.ഓരോ വിളിയും കാത്ത് എന്ന കഥയിലെ ഏകാന്തതയുടെ തുരുത്ത്എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്?

*ഞാന്‍ പറയട്ടെ നാം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഏകാകികളാണ് . ഏകാന്തതയാണ് പലപ്പോഴും നമ്മെ പിന്തുടരുന്നതും. ചിലപ്പോള്‍ മാത്രമേ നാം സമൂഹവുമായി ബന്ധപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏകാന്തതയുടെ തുരുത്തുകളിലാണ് നാം ഏറെ നേരവും ചെലവഴിക്കുന്നതും, ഈ ഏകാന്തതയുടെ തുരുത്ത് സജീവമാകുന്നത് സമൂഹത്തില്‍ നമ്മുടെ ഇടപെടലുകളാണ്.

3.താങ്കളുടെ രചനയായ ഒറ്റയ്ക്കൊരു സ്ത്രീ ഓടുന്നതിന്‍െറ രഹസ്യമെന്ത്എന്ന കഥയിലെ രഹസ്യമെന്താണ്?

*സ്ത്രീ എന്നു പറയുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് അമ്മയെയാണ്. ആകാശത്ത് വെള്ളകീറും മുമ്പേ ഉണര്‍ന്ന് അമ്മ അടുക്കളയില്‍ നിന്നുകൊണ്ട് ഓടുകയാണ്. അതുതന്നെയാണ് ആ കൃതിയിലെ രഹസ്യം.

4.യു.കെ.കുമാരന്‍െറ കൃതികളെല്ലാം വായനക്കാര്‍ നെ‍ഞ്ചോട് ചേര്‍ത്തവയാണ്. ഗ്രാമീണ ജീവിതവും, ജീവിത ബന്ധങ്ങളുമൊക്കെ ഏറെ ഹൃദയാത്മകമായാണ് താങ്കള്‍ ആവിഷ്കരിക്കുന്നത്. ഏതാണ് താങ്കളുടെ ആദ്യ രചന?

*17ാം വയസ്സില്‍,അതായത് പ്രീഡിഗ്രി പഠനകാലത്താണ് എന്‍െറ ആദ്യ രചനയായ ‘ചലനം’ മാസികയില്‍ പ്രസിദ്ധീകരിച്ച് വരുന്നത്. ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരോടാണ്. അവരാണ് എന്നെ വായനയിലേക്ക് കൂടുതല്‍ അടുപ്പിച്ചതും, പിന്നീട് പല കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതും. ഒരു ജീവിതം കാണുന്നു, അതിനെക്കുറിച്ച് എഴുതുന്നു. അവ ഏറെ സത്യസന്ധമായി മാത്രമേ ഞാന്‍ എഴുതാറുള്ളൂ. എഴുത്ത് ഏറെ സത്യസന്ധമായാല്‍ മാത്രമേ അവ വായനക്കാര്‍ക്ക് സ്വീകാര്യമാവുകയുള്ളൂ.

5.ഒരെഴുത്തുകാരനെന്ന നിലയില്‍ പുതുതലമുറയ്ക്ക് നല്കാനുള്ള സന്ദേശം എന്താണ്?

*എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ബഷീറാണ്. അദ്ദേഹത്തിന്‍െറ പാത്തുമ്മയുടെ ആട് എന്ന കൃതി എനിക്ക് ഒരു പുതിയ ഉള്‍കാഴ്ച നല്‍കി. എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയ പുസ്തകമായിരുന്നു അത്. ഞാന്‍ ഒരുപാട് വായിക്കാറുണ്ട്. എന്‍െറ അധ്യാപകര്‍ എന്നെ കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. മനുഷ്യമനസ്സില്‍ ആര്‍ദ്രത ഉണ്ടാക്കാന്‍ സാഹിത്യത്തിന് സാധിക്കുന്നു. എത്ര ക്രൂരമായ മനസ്സുള്ള വ്യക്തിയെയും സാഹിത്യം നന്മയുള്ളവനാക്കുന്നു, കൂടുതല്‍ വിവേകമുള്ളവമാക്കുന്നു. ആന്‍റണ്‍ ചെക്കോവ് രചിച്ച പന്തയവും, വിക്ടര്‍ ഹ്യൂഗോവിന്‍െറ പാവങ്ങളുമൊക്കെ മനുഷ്യമനസ്സുകളില്‍ ചലനമുണ്ടാക്കിയ രചനകളാണ്. പുതിയ തലമുറയോട് പറയാനുള്ളതെന്തെന്നാല്‍, ഒരുപാട് സാഹിത്യരചനകള്‍ വായിക്കുക, ഒരുപാട് എഴുതാന്‍ ശ്രമിക്കുക. വരണ്ടമനസ്സില്‍ ഒരു നനവുണ്ടാക്കാന്‍ ഇത്തരം സാഹിത്യകൃതികള്‍ക്ക് സാധിക്കുന്നു.

6.സാഹിത്യ മേഖലയിലേക്കെത്താന്‍ താങ്കളെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?

*വായനതന്നെയാണ് ഏറെ സ്വാധീനിച്ചത്. കവിതകളാണ് ആദ്യം എഴുതിത്തുടങ്ങിയത്, അതില്‍നിന്ന് പിന്നീട് നാടകരചനയിലേക്ക് കടന്നു. എന്നാല്‍ എന്‍െറ മേഖല കഥയാണെന്ന് ഞാന്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്താണ് നമുക്ക്ചെയ്യാന്‍കഴിയുക എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നല്ല ഞാന്‍ പറയുന്നത്. അതിന് ‍ജന്മസിദ്ധമായ കഴിവുകള്‍ ആവശ്യമാണ്. അപ്പോള്‍ മാത്രമേ ആ കഴിവിനെ വളര്‍ത്തി ക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ആദ്യംതന്നെ നമ്മുടെ കഴിവുകളെക്കുറിച്ചുള്ള ബോധ്യമുണ്ടാവുകയാണ് വേണ്ടത്.

7.ഏതുതരം രചനകളോടാണ് താങ്കള്‍ക്ക് കൂടുതല്‍ താല്പര്യം?

*ഒരച്ഛന് തന്‍െറ രണ്ടുമക്കളും ഒരുപോലെ പ്രിയമുള്ളവരാണ്. അതുപോലെത്തന്നെ കഥയും നോവലും മറ്റേതുതരം രചനകളും എനിക്കെന്നും ഒരുപോലെയാണ്. അവ തമ്മില്‍ ഒരു തരത്തിലുമുള്ള വ്യത്യാസവുമില്ല.

8.നിന്‍െറ നഗരത്തിലെ വീട്ടിലെന്താ ഇല്ലേ?……..ടി.വിടെ ഒച്ചയെ ഉള്ളൂ. ഓരോ വിളിയും കാത്ത് എന്ന കഥയില്‍ മുത്തശ്ശി പേരക്കുട്ടിയോട് പറയുന്നതാണ്. അത് നഗരജീവിതത്തെയല്ലേ ചിത്രീകരിക്കുന്നത്? ഇതില്‍ മകന്‍ അമ്മയെ പറിച്ചുനടാനല്ലേ ശ്രമിക്കുന്നത്?

*ആ വാക്യത്തിലൂടെ നഗരഗ്രാമീണ ജീവിതത്തിന്‍െറ വൈരുധ്യത്തെ തുറന്നുകാട്ടാനാണ് ഞാന്‍ ശ്രമിച്ചത്. ഒരിക്കലും മകന്‍ അമ്മയെ നിര്‍ബന്ധപൂര്‍വ്വം നഗരത്തിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുന്നില്ല. അമ്മയെ പൂര്‍ണ്ണസമ്മതത്തോടെയും, നിറഞ്ഞ താല്പര്യത്തോടെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയാണ് മകന്‍.

9.എഴുത്തുകാരന്‍െറ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? മീശ എന്ന നോവല്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ എന്താണ് താങ്കളുടെ അഭിപ്രായം?

*ഞാന്‍ ഒരു വിശ്വാസിയല്ല. പക്ഷേ, എന്‍െറ ഭാര്യ ഒരു വിശ്വാസിയാണ്. പറഞ്ഞുവരുന്നതെന്തെന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയുടെ താല്പര്യങ്ങളെക്കുറിച്ചും, വിശ്വാസങ്ങളെക്കുറിച്ചും പ്രത്യേകമായി പരാമര്‍ശിക്കുമ്പോഴാണ് അവിടെ പ്രശ്നങ്ങളുണ്ടാകുന്നത്. എന്‍െറ അഭിപ്രായത്തില്‍ ഒരെഴുത്തുകാരന് എല്ലാം എഴുതാനുള്ള സ്വാതന്ത്ര്യമില്ല. രചനകള്‍ എന്നും സ്വന്തം ആവിഷ്കാരത്തെ പൂര്‍ണ്ണമായി അടിയുറപ്പിക്കുന്നതും, ഒപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ തൃപ്തിപ്പെടുത്തുന്നതും ആവണം.

അഭിമുഖം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് ആശയങ്ങള്‍ പകര്‍ന്നുനല്‍കി.കൂടാതെ അദ്ദേഹം ഒരുപാട് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. എഴുത്തുകാരനെന്ന നിലയില്‍ മാത്രമല്ല, പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് യു.കെ.കുമാരന്‍. കേരള കൗമുദി പത്രത്തില്‍ 35 വര്‍ഷം പ്രവര്‍ത്തിക്കുകയും പിന്നീട് എഡിറ്ററായി വിരമിക്കുകയും ചെയ്തു. തന്‍െറ പ്രവര്‍ത്തനകാലയളവില്‍ അദ്ദേഹം തന്‍െറ ഒരുപാടെഴുത്തുകള്‍ പത്രത്തിലൂടെ പ്രസിദ്ധീകരിച്ചു. അനശ്വരമായ രചനകളുടെ കര്‍ത്താവാണ് യു.കെ.കുമാരന്‍.

0

sneha puthiyapurayil

bd-16 3 2001

Leave a Reply

Your email address will not be published. Required fields are marked *

seventeen − eleven =