കാരുണ്യവീട്

മികച്ച അക്കാദമിക നിലവാരത്തിനോടൊപ്പം വിപുലമായി നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടിയാണ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂളിനെ തളിപ്പറമ്പിലെ ഫേവറൈറ് സ്‌കൂളാക്കി മാറ്റുന്നത്. സ്‌കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പെരുമ്പറമ്പിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിയുടെ വീട് നവീകരിച്ച് വാസ യോഗ്യമാക്കിയത് .

രണ്ടാം വർഷ ഹുമാനിറ്റീസ് വിദ്യാർത്ഥിയായ അജ്‌ലാസിന്റെ ദുരിതപൂർണ്ണമായ അവസ്ഥ സഹപാഠികൾ തന്നെയാണ് ക്ലാസ്സ് ടീച്ചറായ അനൂജ മിസ്സിന്റെ ശ്രദ്ധയിൽ പെടുത്തിയത്. വിദ്യാഭ്യാസം എന്നത് മാർക്കുകളും ഗ്രേഡുകളും കരസ്ഥമാക്കുന്നത് മാത്രമല്ല എന്ന് മനസ്സിലാക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഏതൊരു സ്‌കൂളിന്റെയും സമ്പത്ത്. വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തികൾക്കുള്ള മാർക്ക്, പ്രോഗ്രസ്സ് കാർഡിന്റെ ഏത് കോളത്തിലാണ് രേഖപ്പെടുത്തേണ്ടത്?

അനൂജ ടീച്ചർ വിഷയം മറ്റ് അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും, ആദ്യം ജമീല ടീച്ചറും പിന്നെ ഫിറോസ് സാറും പ്രസ്തുത വീട് സന്ദർശിച്ച് അജ്‌ലാസിന്റെ കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.

അജ്‌ലാസിന്റെയും കുടുംബത്തിന്റെയും അവസ്ഥ ഫിറോസ് സാർ വാട്ട്സ്ആപ്പ് കുറിപ്പിലൂടെ വിവരിച്ചത് തുടർന്ന് വായിക്കാം.
****
തളിപ്പറമ്പിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് അജ്ലാസിന്റെ വീട് . ഇരിട്ടി എത്തുന്നതിന് മുമ്പായി പെരുമ്പറമ്പ് അമ്പലമുക്ക് ബസ്സ്റ്റോപ്പിന് എതിർവശത്തുള്ള മണ്ണ് റോഡിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ അവന്റെ വീട്ടിലെത്താം. കുന്നിന്റെ ഇറക്കത്തിൽ ഇരിക്കൂർ പുഴയുടെ തീരത്ത് പഞ്ചായത്ത് ഫണ്ടിൽ നിന്നും കേരള ഗവൺമെന്റിന്റെ ലൈഫ് പദ്ധതിയിൽ നിന്നും ലഭ്യമായ തുക കൊണ്ട് ഒപ്പിച്ച് എടുത്ത പൂർത്തിയാവാത്ത ഒരു കൊച്ച് വീട്.

ഒരു ബെഡ്റുമും സെൻട്രൽ ഹാളും അടുക്കളക്ക് വേണ്ടിയുള്ള ചെറിയ സ്ഥലവും. ചുമര് തേച്ചിട്ടില്ല. നിലം കോൺക്രീറ്റ് ചെയ്തിട്ടില്ല. വയറിങ്ങ് പൈപ്പിട്ടിട്ടുണ്ടെങ്കിലും വയറ് വലിച്ച് വൈദ്യുതീകരിച്ചിട്ടില്ല. ടോയിലറ്റിന് വാതിലില്ല പകരം തുണി കൊണ്ട് മറച്ചിരിക്കുന്നു.

ജനാല വാതിലുകൾ ഇല്ല. കട്ടിലുകൾക്ക് പകരം കല്ലൊക്കെ അട്ടിവെച്ച് അതിന്റെ മേലെ ബെഡ് പോലൊരു സാധനം. വീട്ടിനകത്ത് തന്നെ കോൺക്രീറ്റിനുള്ള മെറ്റൽ ഇട്ടിരിക്കുന്നു. അടുക്കള പുറത്ത് ഷീറ്റിട്ട് അതിനെ കീഴെ പാചകം ചെയ്യുന്നു. വളരെ ദയനീയമായ അവസ്ഥ

അജ്‌ലാസിന്റെ അനിയത്തി എട്ടാം ക്ലാസിൽ സൽസബീൽ യതീംഖാനയിൽ നിന്ന് പഠിക്കുന്നു. ഉപ്പായ്ക്ക് വല്ലപ്പോഴും കിട്ടുന്ന മരപ്പണി. ഉമ്മയ്ക്ക് ഡിസ്ക് പ്രോബ്ലം ഉള്ളത് കൊണ്ട് ഇപ്പോ പണിക്ക് പോകുന്നില്ല. അജ്‌ലാസും അനിയത്തിയും ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്നവരുമാണ്.
*****

അധ്യാപകർ സ്‌കൂളിലെ ജീവ കാരുണ്യ പ്രവർത്തനമായ ‘കാരുണ്യം’ പദ്ധതിയിൽ ഉൾപ്പെടുത്തി അജ്‌ലാസിന്റെ വീട് വാസയോഗ്യമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിന്നെ ഏതാനും സുമനസ്സുകളിൽ നിന്നുമായി മൂന്ന് ലക്ഷത്തിൽ പരം രൂപ സമാഹരിച്ചു.

നവംബർ 10നു രാവിലെ PTA പ്രസിഡന്റ് താജുദീൻ, ഫിറോസ് സാർ, നൂറുദ്ധീൻ സാർ, ഷംസുദ്ധീൻ സാർ, ഫൈസൽ സാർ, അനുജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികളും,5 വിദ്യാർത്ഥിനികളും സ്‌കൂൾ ബസ്സിൽ അജ്‌ലാസിന്റെ വീട്ടിൽ എത്തിച്ചേരുകയും ശ്രമദാനത്തിലൂടെ നിലം ലെവൽ ചെയ്യുകയും കോൺക്രീറ്റ് ചെയ്യുകയും വീടിന് പുറകിലായി വർക്ക് ഏരിയ ഉണ്ടാക്കാനുള്ള സ്ഥലം തയാറാക്കാൻ മണ്ണ് കോരി മാറ്റുകയും ചെയ്തു.
******
പെയിന്റിങ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഫ്ളോറിങ് (ടൈൽസ്) തുടങ്ങി എല്ലാ പണികളും പൂർത്തീകരിച്ചു. അജ്‌ലാസിന്റെ ‘വീട്’ ഇപ്പോൾ ഒരു വീടായി മാറിയിരിക്കുന്നു. സന്തോഷവും, സുരക്ഷിതത്വവും സൗകര്യവുമുള്ള ഒരു വീട്.

0

Author Profile

Fathimath Shadina
Shadina.From Chengalayi

Fathimath Shadina

Shadina.From Chengalayi

Leave a Reply

Your email address will not be published. Required fields are marked *

4 × three =