ഓർമ്മകളിൽ അബ്ദുള്ളയും മുഹമ്മദും

അൽ-മഖ്‌റിൽ പഠിച്ച കാലം തൊട്ടാണ് അബ്ദുല്ലയുമായി അടുക്കുന്നത്. ഏഴാം ക്ലാസ്സിൽ നിന്ന് ഹൈസ്കൂൾ പഠനത്തിനായി പിരിഞ്ഞപ്പോൾ ദൈവം എട്ടാം തരത്തിൽ വീണ്ടും ഒന്നിപ്പിച്ചു. പത്താം  ക്ലാസ്സിൽ വീണ്ടും ഒരു ബെഞ്ചിൽ ഒരുമിപ്പിച്ചപ്പോൾ അവനോടുള്ള ബന്ധം ഒരിക്കൽ കൂടി ദൃഢമായി. പക്ഷെ, അതിത്ര പെട്ടന്ന് പിരിയാനാണെന്നറിഞ്ഞില്ല.
പത്താം ക്ലാസ്സിൽ നിന്നാണ് അബ്ദുവിനെ കൂടുതൽ അറിയാൻ കഴിഞ്ഞത്. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവന്. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആവാനായിരുന്നു ആഗ്രഹം. ആ കാലയളവിൽ പല വിഷമങ്ങൾ പറയുവാൻ അവൻ എന്റെ അടുക്കലേക്കു വരാറുണ്ടായിരുന്നു. എന്തൊക്കെ വിഷമങ്ങളായാലും അവൻ പുഞ്ചിരിച്ചാണ് കാര്യം പറയാറ്. അതെന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.
പത്താം ക്ലാസ്സിലെ മിക്ക പരീക്ഷകളിലും എന്നെ ജയിപ്പിക്കാനുള്ള ദൗത്യം അവനായിരുന്നു. നന്നായി പഠിക്കുമായിരുന്നു. അധ്യാപകർക്ക് വലിയ കാര്യമായിരുന്നു. ബാക്ക് ബെഞ്ചിൽ ആരുമറിയാതെ ഞങ്ങൾ ചെയ്ത എത്ര കുസൃതികൾ.

പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ അവൻ എഴുതിയത് ഇങ്ങനെ

“നിന്നെ എന്നും ഞാൻ വേദനിപ്പിച്ചിട്ടുണ്ട്…  എന്നാൽ നീ എന്നെയാണ് നിന്റെ ഉറ്റ സുഹൃത്താക്കിയത്.. നിന്റെ ബഡായികളും, നിന്റെ സാഹിത്യവും, ഇനിയില്ല. എന്നാൽ നമ്മുടെ സൗഹൃദം എന്നും അനശ്വരമായിരിക്കും…”

ഇല്ല അബ്ദുള്ള, ജീവിച്ചിരുന്നപ്പോൾ നീ എന്നെ വേദനിപ്പിച്ചില്ല. മരണത്തിലൂടെയാണ് നീ എന്നെ വേദനിപ്പിച്ചത്. എന്നെ മാത്രമല്ല എല്ലാവരെയും. എല്ലാവർക്കും നിന്നോട് എന്ത് സ്നേഹമാണെന്നോ… ഇന്നാണ് ഞാനത് മനസ്സിലാക്കിയത്.

****
മുഹമ്മദ്‌ സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസിൽ ഇടംപിടിച്ചവൻ..
എവിടെ കണ്ടാലും ഓടിവന്ന് സലാം പറയും ഒരുപാട് സംസാരിക്കും. പുഞ്ചിരി ഇല്ലാതെ മുഹമ്മദ്‌ അപൂർണമാണ്. തൊപ്പി ധരിച്ചു ഞെരിയാണിക്ക് മുകളിൽ പാന്റ്സ് ധരിക്കുന്ന നല്ല സുഹൃത്. നമ്മുടെ ഈ കോലം ആർക്കും പിടിക്കുന്നില്ല എല്ലാരും ‘ഫാഷൻ’ ആണ് എന്ന് അവൻ എപ്പോഴോ എന്നോട് പറഞ്ഞിരുന്നു. മറുപടിയായി ഞാൻ ചെറുതായി ചിരിച്ചു. ആർക്കും മാതൃകയാക്കാൻ പറ്റുന്നവൻ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ അവന്റെ കാഴ്ചപ്പാട് എന്നെ വിസ്മയിപ്പിച്ചിരുന്നു. എന്തിനെ കുറിച്ചും ഒടുങ്ങാത്ത ജിജ്ഞാസയായിരുന്നു.

അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി നിങ്ങൾ ഇന്ന് ആറടി മണ്ണിൽ വിശ്രമിക്കുകയാണ്. നിങ്ങൾ വിശ്രമിക്കു… നിങ്ങളിലെ നല്ല ഓർമകൾ എന്നും നമ്മളിലുണ്ട്.
എല്ലാവർക്കും നിങ്ങളെ വല്ലാതെ ഇഷ്ടമാണ്. എന്ന് ഓരോരുത്തരുടെയും കണ്ണുകൾ പറയുന്നുണ്ടായിരുന്നു. നമ്മൾ ഓരോരുത്തരായി മാറി നിന്ന് കരഞ്ഞപ്പോൾ ആര് ആരെ ആശ്വസിപ്പിക്കും എന്നറിയാതെ നമ്മൾ പകച്ചു നിന്നിരുന്നു.
സ്നേഹിതരെ ജന്നത്തിൽ നമ്മോടൊപ്പം ഒരുമിപ്പിക്കണെ പടച്ചോനെ…

0

fuad

H2A

Leave a Reply

Your email address will not be published. Required fields are marked *

4 − one =