ഊട്ടി പട്ടണം

“Remember that happiness is a way of travel – not a destination.” – Roy M. Goodman

ഇത്തവണ സീതി സാഹിബ് സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയത് മലകളുടെ രാജ്ഞിയായ ഊട്ടിയിലേക്കായിരുന്നു. രണ്ടു രാത്രികളും ഒരു പകലും മാത്രം നീണ്ടു നിന്ന വളരെ ഹ്രസ്വമായ യാത്ര പക്ഷെ, ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ജനുവരി 4 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് സ്‌കൂളിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6 മണിയോടെ തിരിച്ചെത്തി.

യാത്രയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ പത്രങ്ങളിലും ചാനലുകളിലുമൊക്കെ ഊട്ടിയിലെ തണുപ്പിന്റെ കാഠിന്യത്തെപ്പറ്റി വാർത്തയുണ്ടായിരുന്നു. അസാധാരണമായ തണുപ്പ് ഈ വർഷം ഊട്ടിയിലും അതുപോലുള്ള ഹിൽ സ്റ്റേഷനുകളിലും അനുഭവപ്പെട്ടിരുന്നതായി മഞ്ഞ് പുതഞ്ഞു കിടക്കുന്ന കൃഷിസ്ഥലങ്ങളുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയകളിലും പ്രചരിച്ചു. അത് കൊണ്ട് തന്നെ ഞങ്ങളെല്ലാം വളരെ അധികം ത്രില്ലിലായിരുന്നു. അതോടൊപ്പം അൽപ്പം ആശങ്കയും ഉണ്ടായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളൊക്കെ നേരത്തെ സംഘടിപ്പിച്ചു. അധ്യാപകരും ഇക്കാര്യത്തെ പറ്റി ഞങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ 144 കുട്ടികൾ ടൂർ കൺവീനർ നൂറുദ്ധീൻ സാറിന്റെ നേതൃത്വത്തിൽ 12 അധ്യാപകരുടെ കൂടെ മൂന്ന് ബസ്സുകളിലായി യാത്ര ആരംഭിച്ചു.
കളിയും ചിരിയും പാട്ടും ഡാൻസുമായി ഉല്ലാസഭരിതമായിരുന്നു യാത്ര. രാത്രിയുടെ അന്ത്യ യാമങ്ങൾ അടുത്തപ്പോൾ ഓരോരുത്തരായി ഉറക്കിലേക്ക് വഴുതി വീണു. ഇതിനിടയിൽ ബസുകൾ മാമലകളും വൻ കാടുകളും താണ്ടി ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരുന്നു.

രാവിലെ ആദ്യം ഉണർന്നവർ ജനാല ചില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് മായികമായ കാഴ്ചയായിരുന്നു. ഉടനെ അടുത്തിരുന്നുറങ്ങുന്നവരെ എഴുന്നേൽപ്പിച്ച് ഈ അലൗകിക സൗന്ദര്യം കാണിച്ച് കൊടുത്തു. വെറുതെയല്ല ഊട്ടിയെ മലകളുടെ രാജ്ഞി എന്ന് വിളിക്കുന്നത്.

വാക്കുകളിലൂടെ ഈ കാഴ്ചയെ എങ്ങിനെ വിവരിക്കും? പ്രഭാത സൂര്യന്റെ സ്വർണ്ണ വർണ്ണ രശ്മികൾ കോടമഞ്ഞിനിടയിയൂടെ മരത്തലപ്പുകൾ കടന്ന് ഊട്ടിയുടെ പുൽമേടുകളിൽ വീണുകിടക്കുന്ന മഞ്ഞ് കണങ്ങളെ ചുംബിക്കുന്ന കാഴ്ച. തേയിലത്തോട്ടങ്ങളിലെ ഇളം ഇലകളിൽ വീണുകിടക്കുന്ന മഞ്ഞു തുള്ളികളെ ഉരുക്കിക്കളയുന്ന ഇളം വെയിലിന്റെ കുസൃതി ആസ്വദിക്കുന്ന തേയിലച്ചെടികൾ. തലേന്ന് രാത്രി നിർത്താതെ പെയ്ത മഞ്ഞിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്ന പ്രകൃതി സൂര്യനോട് പരിഭവത്തോടെ ചോദിക്കുന്ന പോലെ… ” എന്തേ വരാൻ വൈകിയത്? മരവിച്ച് കിടക്കുന്ന എന്റെ ഞരമ്പുകളെ ചൂടാക്കി ഉണർത്തുവാൻ എത്ര നേരമായി നിന്നെ ഞാൻ കാത്തിരിക്കുന്നു….”

ബസിനുള്ളിലേക്ക് കയറാൻ തണുപ്പിന് പഴുതൊന്നും കിട്ടാഞ്ഞത് കൊണ്ട് സുഖപ്രദമായ ആലസ്യത്തിലായിരുന്നു ഞങ്ങൾ. ഇടയ്ക്ക് ബസിന്റെ ജനാല തുറക്കാൻ ശ്രമിച്ചവരൊക്കെ അതിലും പെട്ടെന്ന് തിരിച്ചടയ്‌ച്ചു.

രാവിലെ ഏഴരയോടെ ഊട്ടിയിൽ ഹോട്ടലിൽ എത്തിച്ചേർന്നു. പ്രഭാത കൃത്യങ്ങൾ നിർവഹിച്ച ശേഷം പ്രാതൽ കഴിക്കാനായി റെസ്റ്റോറന്റിലേക്ക്. ഇഡലി, ദോശ, പൂരി, പൊറോട്ട ഇഷ്ടടമുള്ളത് കഴിക്കാം. ശേഷം കാഴ്ചകൾ കാണാനായി പുറപ്പെട്ടു. ആദ്യമായി ലക്‌ഷ്യം വെച്ചത് ഡോഡാബെട്ട പീക്ക് ആണ്. ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ഇളം വെയിലും തണുപ്പും കലർന്ന അന്തരീക്ഷം. ഇവിടെ വാച്ച് ടവർ ഉണ്ട്, ടെലെസ്കോപ്പിലൂടെ നോക്കിയാൽ ഊട്ടിപ്പട്ടണം മുഴുവനായി കാണാം.

ദൊഡ്ഡബേട്ടയിൽ നിന്ന് നേരെ പോയത് തേയില ഫാക്ടറിയിലേക്കാണ്. തേയില ചായപ്പൊടിയായി മാറ്റുന്ന പ്രക്രിയ കണ്ടു മനസ്സിലാക്കി. ചായപ്പൊടിയും വാങ്ങി അവിടെ നിന്നും വിട വാങ്ങി. പിന്നീട് ഉച്ച ഭക്ഷണം കഴിക്കാൻ പ്രഭാത ഭക്ഷണം കഴിച്ച അതെ റെസ്റ്റോറന്റിലേക്ക് പോയി. ചിക്കൻ ബിരിയാണി കഴിച്ചു.

പിന്നീട് പോയത് ഊട്ടി തടാകത്തിലേക്കാണ്. തടാകത്തിലെ ഓളങ്ങളിൽ ഇളകിയാടുന്ന കൊച്ചു കൊച്ചു ബോട്ടുകൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്നു. തടാകത്തിൽ അവിടവിടെയായി യന്ത്ര ബോട്ടുകളിലും പെഡൽ ബോട്ടുകളിലും സന്ദർശകർ ഊട്ടിയെ ആസ്വദിക്കുന്നു.

ഞങ്ങളുടെ അവസാന ലക്ഷ്യമായ ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ഇനി പോകുന്നത്. ഊട്ടി സന്ദർശകർ ഒരിക്കലും ഒഴിവാക്കാത്ത ഒരു സ്ഥലം. ഓരോ നിമിഷവും ഓരോ കാഴ്ചയും കാല്പനികമായ അനുഭൂതി നൽകുന്ന ഇടം. ഊട്ടി മലകളുടെ രാജ്ഞിയാണെങ്കിൽ, ബൊട്ടാണിക്കൽ ഗാർഡൻ രാജകുമാരിയാണ്, മായിക സൗന്ദര്യമുള്ള രാജകുമാരി.

തണുപ്പ് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ ഞങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു. ജാക്കറ്റുകൾക്കുള്ളിലും ഞങ്ങളുടെ ശരീരം മരവിച്ച് വിറങ്ങലിച്ചു. ഇരുട്ട് പരക്കുന്തോറും തണുപ്പ് ഞങ്ങളുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച് കൊണ്ടിരുന്നു.

തിരികെ അത്താഴം കഴിക്കാനായി റെസ്റ്റോറന്റിലേക്ക്. റെസ്റോറന്റ് കോമ്പൗണ്ടിനകത്ത് ഒരു വശത്ത് ക്യാമ്പ് ഫയർ തയ്യാറാകുന്നുണ്ടായിരുന്നു. ചപ്പാത്തിയും ചില്ലി ചിക്കനും കഴിച്ച് ക്യാമ്പ് ഫയറിൽ തണുപ്പിനെ ഉരുക്കിക്കളയാൻ ഉത്സാഹത്തോടെ തയ്യാറായി.

ഇരുട്ടിനെയും മഞ്ഞിനേയും കീറി മുറിച്ച് ആർത്തലച്ച് ആകാശത്തിന്റെ അനന്തതയിലേക്ക് കുതിച്ചുയരാൻ എന്ന പോലെ സ്വർണ്ണ വർണ്ണമാർന്ന ‘തീ’ ഞങ്ങളെ മാടി വിളിക്കുന്ന പോലെ… “വരൂ യാത്രികരേ വരൂ … തണുപ്പിൽ മരവിച്ച നിങ്ങളുടെ പേശികളെയും സന്ധികളേയും ഞാൻ മോചിപ്പിച്ച് തരാം… എന്റെയൊപ്പം ഒരല്പം നിങ്ങൾ ചിലവഴിക്കില്ലേ?…” ഈയ്യാം പാറ്റകളെ പോലെ ഞങ്ങളാ തീകുണ്ഠത്തെ പൊതിഞ്ഞു. കാതടപ്പിക്കുന്ന സംഗീതത്തിനൊപ്പം ഞങ്ങൾ അഗ്നിയുടെ ചുറ്റും ചുവടുകൾ വച്ചു. കോമഡി ഉത്സവ് താരം സമദിന്റെ ഗംഭീര മിമിക്സ് പ്രകടനം ഞങ്ങളെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിച്ചു.

തിരികെ ബസ്സിൽ കയറാൻ അധ്യാപകരുടെ നിർദേശം. ഈ യാത്ര അവസാനിക്കാൻ പോവുകയാണെന്ന ചിന്ത ഞങ്ങളെ അലട്ടി. ബസ്സിൽ മറുയാത്ര. പാട്ടിനും ഡാൻസിനും വരുമ്പോൾ ഉണ്ടായിരുന്നത്ര പഞ്ചില്ല. തണുപ്പിനെ കീറി മുറിച്ച്‌ യാത്ര തുടരുന്നു. മലയിറങ്ങുന്നു.
ഊട്ടിയിലേക്ക് ആദ്യമായല്ല വരുന്നത്. പക്ഷേ ഇത് പുതിയൊരു ഊട്ടിയായിരുന്നു. കാരണം എന്റെ കൂടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു.

0

Author Profile

Shaharban PK
Shaharban PK

Shaharban PK

Shaharban PK

Leave a Reply

Your email address will not be published. Required fields are marked *

19 − 7 =