ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിനിടെ അണിയറയിൽ നടന്ന ‘സ്കിറ്റ്.

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിന്റെ അവസാന ദിവസം (03-11-2019) അവസാന ഇനമായിരുന്നു ഇംഗ്ലീഷ് സ്കിറ്റ്. ഇതിൽ ആതിഥേയരായ ടാഗോർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനവും ‘എ’ ഗ്രേഡും ലഭിച്ചു. യഥാർത്ഥത്തിൽ ആതിഥേയരുടെ പ്രകടനത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്നത്, അത് പക്ഷേ, വിദ്യാർത്ഥികൾ സ്റ്റേജിൽ കളിച്ച സ്കിറ്റിനായിരുന്നില്ല മറിച്ച് അധികൃതർ അണിയറയിൽ കളിച്ച സ്കിറ്റിനായിരുന്നു എന്ന് മാത്രം.

അവസാന ഇനം ബാക്കി നിൽക്കേ പോയൻറ് നിലയിൽ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒരു പോയന്റിന് മുന്നിട്ട് നിൽക്കുകയായിരുന്നു. തൊട്ടു പുറകിൽ ആതിഥേയരായ ടാഗോർ സ്‌കൂളും. മൂന്നു ടീമുകളിൽ മൂന്നാമതായി സ്റ്റേജിൽ കയറിയ സീതിയുടെ ഗംഭീര പ്രകടനം പാതിവഴിയിലെത്തിയപ്പോൾ പശ്ചാത്തല ശബ്ദം സ്പീക്കറിൽ കേൾക്കാതെയായി. തുടർന്ന് സാങ്കേതിക പ്രശ്നം പരിഹരിച്ച് വീണ്ടും അവതരിപ്പിക്കാം എന്ന ധാരണയിൽ മത്സരാർത്ഥികൾ സ്കിറ്റ് മുഴുമിപ്പിക്കാതെ സ്റ്റേജിൽ നിന്നും താഴെയിറങ്ങി. തുടർന്ന് നടന്ന സംശയാസ്പദവും, നാടകീയവും അസാധാരണവുമായ സംഭവങ്ങൾക്കൊടുവിൽ ‘എ’ ഗ്രേഡ് ലഭിച്ച ടാഗോർ ഓവറോൾ ചാമ്പ്യന്മാർ ആവുകയും’ബി’ ഗ്രേഡിൽ ഒതുക്കപ്പെട്ട സീതി സാഹിബ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

മത്സരത്തിൽ സീതിക്ക് ‘ബി’ ഗ്രേഡ് മാത്രം ആക്കാനും അതുവഴി ടാഗോറിനെ ചാമ്പ്യന്മാർ ആക്കാനുമുള്ള കൃത്യമായ ഇടപെടലുകളാണ് നടന്നത് എന്ന് വ്യക്തമാകുന്ന സംഭവവികാസങ്ങളാണ് വേദി രണ്ടിൽ നടന്നത്.

അത്യന്തം സാമൂഹിക പാരിസ്ഥിതിക പ്രാധാന്യമുള്ള ‘ജല ദൗർലഭ്യം’ എന്ന പ്രമേയത്തെ ആസ്പദമാക്കി അതിന് അനുയോജ്യമായ സെറ്റിംഗ്സ് ഒരുക്കി മികച്ച രീതിയിൽ സ്കിറ്റ് അവതരിപ്പിക്കുകയായിരുന്നു മത്സരാർത്ഥികൾ. ആസ്വാദനത്തിന്റെ മികച്ച അനുഭവം കാണികൾക്ക് ഒരുക്കിക്കൊണ്ട് മുന്നേറുന്നതിനിടെയാണ് ഈ ‘സാങ്കേതിക പ്രശ്നം’ ഉണ്ടായത് (ഉണ്ടാക്കിയത്?). പ്രശ്നം പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ കുറച്ച സമയം കൂടി മത്സരാർത്ഥികൾ വേദിയിൽ തുടർന്നു. പിന്നീട് പരിഹരിക്കപ്പെടുകയില്ല എന്ന് ബോധ്യം വന്നപ്പോൾ പ്രകടനം മുഴുമിപ്പിക്കാതെ സ്റ്റേജിൽ നിന്ന് ഇറങ്ങുകയായിരുന്നു, വീണ്ടും അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ.

സാങ്കേതിക പ്രശ്നം ഉണ്ടായാൽ വീണ്ടും അവതരിപ്പിക്കാൻ അവസരം കൊടുക്കണമെന്ന് കലോത്സവ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് കീഴ്വഴക്കവും. മണിക്കൂറുകൾക്ക് മുമ്പ് വേദി ഒന്നിൽ നടന്ന മൂകാഭിനയ മത്സരത്തിൽ ഒരു ടീമിന് ഇതേ സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ അഞ്ചു മിനുട്ടോളം സമയം എടുത്ത് തകരാർ പരിഹരിച്ച് വീണ്ടും അവതരിപ്പിക്കാൻ അവസരം കൊടുത്തിരുന്നു.

വീണ്ടും അവസരം നൽകണമെന്ന മത്സരാർത്ഥികളുടെയും എസ്‌കോർട്ട് അധ്യാപകരുടെയും അപേക്ഷ സ്വീകരിക്കാൻ സ്റ്റേജ് മാനേജരും, പ്രോഗ്രാം കമ്മിറ്റി ഓഫീസർമാരും, ജഡ്ജുമാരും തയ്യാറായില്ല. സാങ്കേതിക തകരാർ സംഭവിച്ചതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്നും, വേണമെങ്കിൽ അപ്പീൽ കൊടുത്തോ എന്നുമുള്ള അത്യന്തം വിചിത്രമായ നിർദേശങ്ങളാണ് മത്സരാർത്ഥികൾക്ക് ലഭിച്ചത്. ഇങ്ങനെ ഒഫിഷ്യൽസുമായി സംസാരിച്ചു കൊണ്ടിരിക്കെ തന്നെ, പരാതികൾക്ക് ചെവി കൊടുക്കാതെ, അസാധാരണമായ വേഗതയിൽ വിധി പ്രഖ്യാപിക്കുകയും ‘യുദ്ധകാലാടിസ്ഥാനത്തിൽ’ മെയിൻ സ്റ്റേജിൽ ഓവറോൾ ചാമ്പ്യന്മാരായി ടാഗോർ ഹായ് സെക്കണ്ടറി സ്‌കൂളിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ലാപ്ടോപ്പിൽ മ്യൂസിക് ‘പ്ളേ’ ആയിക്കൊണ്ടിരിക്കെയാണ് സ്‌പീക്കറിൽ ഔട്ട് പുട്ട് വരാതെ ശബ്ദം നിലച്ചത്. മത്സരാർത്ഥികളുടെ പിഴവില്ലാതിരുന്നിട്ട് കൂടി, ചട്ടങ്ങൾക്ക് വിരുദ്ധമായി അവസരം നിഷേധിച്ചത് വിദ്യാർത്ഥികളെ കണ്ണീരിലാഴ്ത്തി. മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന് ശേഷമാണ് അർഹിക്കുന്ന രീതിയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കാതെ പോയത്.

ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന പ്രകടനമായിരുന്നില്ല ആതിഥേയരുടേതെന്ന് കാണികളിൽ ചിലർ അഭിപ്രായപ്പെട്ടു. രണ്ട് പ്രാവശ്യം വാണിങ് ബെൽ അടിച്ചതിന് ശേഷമാണ് അവരുടെ പ്രകടനം അവസാനിച്ചത് തന്നെ. മറ്റൊരു ടീമായ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂളും അപ്പീലും പരാതിയും നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് ജഡ്ജസിനെ പറ്റിയോ അവരുടെ യോഗ്യതയെ പറ്റിയോ യാതൊരു വിവരണവും ഉണ്ടായില്ല. ജഡ്ജ്മെന്റ് നടത്തിയ വ്യക്തികൾക്ക് മതിയായ യോഗ്യത ഇല്ല എന്നും അതേ സബ് ജില്ലയിൽപ്പെട്ട ഹൈസ്കൂൾ അധ്യാപകരാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം ജഡ്ജിമാരുടെ യോഗ്യത അറിയാൻ അപേക്ഷ കൊടുക്കാനും വിദ്യാർത്ഥികൾ തയ്യാറാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മത്സരാർത്ഥികൾ കലോത്സവ കൺവീനർ, എ ഇ ഒ എന്നിവർക്ക് പരാതി കൊടുത്തു.

62

Ambro hopes

Savage

Leave a Reply

Your email address will not be published. Required fields are marked *

ten − two =